#Latest News #Kozhikode #Sexual Violence Against Women #Gynecologist Mandatory
കോഴിക്കോട്: (truevisionnews.com) ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളുടെ മെഡിക്കൽ പരിശോധനയിൽ കർശന നിലപാടുമായി സർക്കാർ. പരിശോധനയ്ക്ക് വനിതാ ഡോക്ടർ മാത്രം പോരെന്നും, വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം തന്നെ നിർബന്ധമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിദഗ്ധസമിതിയുടെ ശുപാർശകളും ഡോക്ടർമാരുടെ എതിർപ്പുകളും തള്ളിയാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
നേരത്തെ, വനിതാ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ മാത്രം ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടിയാൽ മതിയെന്നായിരുന്നു ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നത്.
എന്നാൽ, മെഡിക്കോ-ലീഗൽ തെളിവുകൾ ശാസ്ത്രീയമായും കൃത്യമായും ശേഖരിക്കേണ്ടത് നീതിനിർവഹണത്തിന് അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗൈനക്കോളജിസ്റ്റിനെത്തന്നെ പരിശോധനയ്ക്ക് നിശ്ചയിച്ചത്. വനിതാ ഗൈനക്കോളജിസ്റ്റ് പരിശോധന നടത്തുമ്പോൾ തെളിവുകൾക്ക് കൂടുതൽ വ്യക്തതയും വിശ്വാസ്യതയും ലഭിക്കുമെന്നും, ഇത് ഇരകൾക്ക് നീതി ഉറപ്പാക്കാൻ സഹായിക്കുമെന്നുമാണ് സർക്കാരിന്റെ നിലപാട്.
ഈ വിഷയത്തിൽ നേരത്തേ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. രജിസ്റ്റർ ചെയ്ത ഏത് മെഡിക്കൽ പ്രാക്ടീഷണർക്കും പരിശോധന നടത്താമെന്നിരിക്കെ, ഗൈനക്കോളജിസ്റ്റുകളെ മാത്രം നിർബന്ധിക്കുന്നത് അനാവശ്യ ജോലിഭാരം ഉണ്ടാക്കുന്നുവെന്നും ദേശീയ-അന്തർദേശീയ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവർ വാദിച്ചിരുന്നു.
കോടതിയുടെ നിർദേശപ്രകാരമാണ് തുടർന്ന് വിദഗ്ധസമിതിയെ നിയോഗിച്ചത്. അതേസമയം, എല്ലാ ഡ്യൂട്ടി ഷിഫ്റ്റുകളിലും വനിതാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും, വനിതാ ഡോക്ടർമാർക്ക് മെഡിക്കോ-ലീഗൽ പരിശോധനകളിലും ഫോറൻസിക് തെളിവ് ശേഖരണത്തിലും പ്രത്യേക പരിശീലനം നൽകണമെന്നുമുള്ള സമിതിയുടെ മറ്റ് നിർദേശങ്ങൾ സർക്കാർ പരിഗണിച്ചേക്കും.
ഗൈനക്കോളജിസ്റ്റുകളെ പരിശോധനയ്ക്ക് നിർബന്ധമാക്കുന്നതിലൂടെ കേസുകളുടെ നടത്തിപ്പിലും തെളിവ് ശേഖരണത്തിലും കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Content Highlight: Gynecologist mandatory for examination in cases of sexual violence against women
#Latest News #Kozhikode #Sexual Violence Against Women #Gynecologist Mandatory
































