---
title: "'നിങ്ങൾക്ക് എന്നെ മുഴുവനായും അറിയില്ല, ആ വെള്ളക്കുപ്പായം ഉപേക്ഷിച്ചതിന് പിന്നിൽ വലിയൊരു കാരണമുണ്ട്'; കുറിപ്പുമായി ബിന്നി"
english_title: "'I haven't used the 'Doctor' title for recognition; there is a reason for leaving that job,' says Binny in a post."
publisher: "moviemax.in"
canonical_url: "https://moviemax.in/news/369991/i-havent-used-the-doctor-title-for-recognition-there-is-a-reason-for-leaving-that-job-says-binny-in-a-post"
published_at: "2026-07-02T17:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a464eb2347bd_hgfghj.jpg"
keywords: ["latest news", "Binny", "Doctor", "leaving job"]
---

# 'നിങ്ങൾക്ക് എന്നെ മുഴുവനായും അറിയില്ല, ആ വെള്ളക്കുപ്പായം ഉപേക്ഷിച്ചതിന് പിന്നിൽ വലിയൊരു കാരണമുണ്ട്'; കുറിപ്പുമായി ബിന്നി

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് ബോസ് ആരാധകർക്കും സുപരിചിതയായ നടിയാണ് ബിന്നി സെബാസ്റ്റ്യൻ. ഡോക്ടറായിരുന്ന ബിന്നി അഭിനയത്തോടുള്ള താല്പര്യം കാരണമാണ് സീരിയൽ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ, ഡോക്ടേഴ്സ് ദിനത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വളരെ കഷ്ടപ്പെട്ടിട്ടാണ് താൻ ഡോക്ടറായതെന്നും സോഷ്യൽ മീഡിയയിൽ തന്നെ കളിയാക്കുന്നവർക്ക് താൻ കടന്നുവന്ന വഴികൾ അറിയില്ലെന്നും ബിന്നി പറയുന്നു.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് ബോസ് ആരാധകർക്കും സുപരിചിതയായ നടിയാണ് ബിന്നി സെബാസ്റ്റ്യൻ. ഡോക്ടറായിരുന്ന ബിന്നി അഭിനയത്തോടുള്ള താല്പര്യം കാരണമാണ് സീരിയൽ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ, ഡോക്ടേഴ്സ് ദിനത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വളരെ കഷ്ടപ്പെട്ടിട്ടാണ് താൻ ഡോക്ടറായതെന്നും സോഷ്യൽ മീഡിയയിൽ തന്നെ കളിയാക്കുന്നവർക്ക് താൻ കടന്നുവന്ന വഴികൾ അറിയില്ലെന്നും ബിന്നി പറയുന്നു.

ആരോഗ്യമേഖല വിട്ട് അഭിനയത്തിലേക്ക് വരാൻ അത്രമേൽ വലിയൊരു കാരണമുണ്ടെന്നും അത് പിന്നീട് വെളിപ്പെടുത്താമെന്നും താരം കുറിച്ചു.ബിന്നി സെബാസ്റ്റ്യന്റെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ സംഗ്രഹം:

> "ഞാൻ ഇതുവരെ എന്റെ എം.ബി.ബി.എസ് യാത്രയെക്കുറിച്ചോ, ഒരു മെഡിക്കൽ വിദ്യാർത്ഥിയെന്ന നിലയിൽ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ചോ, എഫ്.എം.ജി.ഇ പരീക്ഷ പാസായതിനെക്കുറിച്ചോ എവിടെയും സംസാരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പലർക്കും എന്നെ ഒരു നടിയായിട്ടാണ് അറിയാവുന്നത്. എന്നാൽ ഒരു ഡോക്ടറാകാൻ ഞാൻ എന്തൊക്കെയാണ് ത്യജിച്ചതെന്ന് വളരെ കുറച്ചുപേർക്ക് മാത്രമേ അറിയൂ. ഉറക്കമില്ലാത്ത രാത്രികളും കഠിനമായ ഡ്യൂട്ടികളും എനിക്കുണ്ടായിരുന്നു.

മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി എന്നെ ഒരു 'ഡോക്ടർ' എന്ന് പരിചയപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ മാത്രം വെച്ച് എന്നെ വിലയിരുത്തുന്നതിന് മുൻപ് ഒന്നുമാത്രം ഓർക്കുക - നിങ്ങൾക്ക് എന്നെ മുഴുവനായും അറിയില്ല.

> മെഡിസിൻ വിട്ട് അഭിനയരംഗത്തേക്ക് വന്നതിനെക്കുറിച്ച് നിങ്ങളിൽ പലർക്കും ചോദ്യങ്ങളുണ്ടെന്നറിയാം. ആ വെള്ളക്കുപ്പായം ഉപേക്ഷിച്ച് അഭിനയം തിരഞ്ഞെടുത്തത് പെട്ടെന്നെടുത്ത തീരുമാനമല്ല. വളരെയധികം ചിന്തിച്ച് തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ എടുത്തതാണ്. ചിലപ്പോഴൊക്കെ പദവികളേക്കാൾ പ്രധാനം നമ്മുടെ മനസമാധാനവും ആത്മസംതൃപ്തിയുമാണ്. എന്നെങ്കിലുമൊരിക്കൽ ഞാൻ എന്റെ കഥ പറയുമ്പോൾ, സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത നിങ്ങൾ മനസിലാക്കുമെന്ന് കരുതുന്നു. മനുഷ്യരെ ശുശ്രൂഷിക്കാൻ പ്രയത്നിക്കുന്ന എന്റെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്സ് ഡേ ആശംസകൾ."

### Related Links & Sources
- [Original Story Source](https://moviemax.in/news/369991/i-havent-used-the-doctor-title-for-recognition-there-is-a-reason-for-leaving-that-job-says-binny-in-a-post)