#Thrissur #Private bus #Priyadarshini #KSRTC
( https://truevisionnews.com/) 'പ്രിയദർശിനി' സൗജന്യ യാത്ര പദ്ധതി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖല വലിയൊരു തിരിച്ചടിയിലേക്ക്. തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്താൻ ഒരുങ്ങുന്നു.
അടുത്ത മാസം മോട്ടർ വാഹന വകുപ്പിന് ജി. ഫോം സമർപ്പിക്കാനാണ് തീരുമാനം. രാവിലെ മുതൽ രാത്രി വരെ സർവീസ് നടത്തിയിട്ടും 500 രൂപ മാത്രമാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നും സംഘടന ഭാരവാഹികൾ പറയുന്നു.
പ്രിയദർശിനി സൗജന്യ യാത്ര ചെറുതെന്നുമല്ലാത്ത രീതിയിലാണ് സ്വകാര്യ ബസ് മേഖലയെ ബാധിച്ചിരിക്കുന്നത്. ഡീസലും, വാഹനത്തിന്റെ പണിയും കഴിഞ്ഞാൽ ഉടമകൾക്ക് ഇപ്പോൾ കിട്ടുന്ന വരുമാനം മുന്നത്തേക്കാൾ നേർപകുതി കുറഞ്ഞു. സർക്കാർ അവതരിപ്പിച്ച ബജറ്റിൽ സ്വകാര്യ ബസ് ഉടമകൾ പ്രതീക്ഷ അർപ്പിച്ചിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ലെന്ന് സംഘടന ഭാരവാഹികൾ പറയുന്നു.
സ്വകാര്യ ബസുകളെ സർക്കാർ ഏറ്റെടുക്കുക, ഇന്ധനം പകുതി വിലയ്ക്ക് നൽകുക, സൗജന്യ യാത്ര സ്വകാര്യ മേഖലയിലും നടപ്പിലാക്കി, ആ തുക സബ്സീഡിയായി അനുവദിക്കുക എന്ന ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ട് വച്ചത്.
എന്നാൽ ഇതൊന്നും സർക്കാർ പരിഗണിച്ചില്ല. തൃശൂർ നഗരത്തിൽ 10 സ്വകാര്യ ബസുകൾ നേരത്തെ തന്നെ ജി. ഫോം സമർപ്പിച്ചിരുന്നു. ഒരു നിശ്ചിത കാലത്തേക്ക് ബസിൻ്റെ സർവീസ് നിർത്തുന്ന സംവിധാനമാണ് ജി. ഫോം. തൃശൂരിൽ നിന്നും പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ റൂട്ടുകളിലും ചാലക്കുടി–മാള, കൊടുങ്ങല്ലൂർ എറണാകുളം റൂട്ടിലെ സ്വകാര്യ ബസുകളുമാണ് ജി. ഫോം സമർപ്പിക്കാൻ ഒരുങ്ങുന്നത്.
Content Highlight: Around 200 private buses are preparing to stop operating in Thrissur.

































