#latest news #government medical college #wayanad #tribal girl
മാനന്തവാടി: (https://truevisionnews.com/) സ്കൂളിൽ വെച്ച് വീണ് കൈക്ക് ഗുരുതരമായി പരിക്കേറ്റെത്തിയ ആദിവാസി ബാലികയ്ക്ക് വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി. കമ്മന നവോദയം എൽ.പി സ്കൂൾ വിദ്യാർത്ഥിനിയും തോൽപെട്ടി ബാർഗിക്കുന്ന് സ്വദേശിയുമായ തനൂജയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ജ്യോതിഷ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
തിങ്കളാഴ്ച രാവിലെ സ്കൂളിൽ വെച്ച് വീണ തനൂജയുടെ കൈയിലെ എല്ല് പൊട്ടിയിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
ആദ്യം ശസ്ത്രക്രിയ ചെയ്യാമെന്ന് പറഞ്ഞ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർ, പിന്നീട് വ്യാഴാഴ്ചയേ ശസ്ത്രക്രിയ നടത്താൻ പറ്റൂ എന്ന് നിലപാട് മാറ്റുകയായിരുന്നു.
കടുത്ത വേദനകൊണ്ട് കുട്ടി പുളഞ്ഞിട്ടും അധികൃതർ കനിഞ്ഞില്ലെന്ന് പിതാവ് ആരോപിക്കുന്നു. ഒടുവിൽ മറ്റ് വഴികളില്ലാതെ കുടുംബം കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടിയെന്ന പരിഗണന പോലും നൽകാതെയാണ് ഡോക്ടർമാർ കുറ്റകരമായ അനാസ്ഥ കാട്ടിയതെന്നും അവർക്കെതിരെ കർശന നടപടി വേണമെന്നും ജ്യോതിഷ് ആവശ്യപ്പെട്ടു. കൂടാതെ, പണമില്ലാത്ത തങ്ങൾ കടം വാങ്ങിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയതെന്നും ആ തുക തിരികെ ലഭിക്കാൻ സർക്കാർ ഇടപെടണമെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫീസറുടെ (ഡിഎംഒ) വിശദീകരണം ലഭ്യമായിട്ടില്ല.
Content Highlight: Complaint alleging that a tribal girl was denied treatment at a government medical college
#latest news #government medical college #wayanad #tribal girl

































