#LATEST NEWS #Elohim Worship Center #Pathanamthitta
പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട ഓമല്ലൂരിലുള്ള എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിലുള്ള 'സ്നേഹ തണൽ' വൃദ്ധസദനത്തിൽ അന്തേവാസികൾക്ക് നേരെ നടന്ന ക്രൂര പീഡനക്കേസിലെ മൂന്ന് പ്രതികളും പിടിയിലായി. സ്ഥാപനത്തിലെ മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തത് മുതൽ ഇവർ ഒളിവിൽ ആയിരുന്നു.
ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 17-കാരൻ ഉൾപ്പെടെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും നേരെ ക്രൂരമായ മർദ്ദനമുറകൾ നടന്നതായാണ് വിവരം.
സ്ഥാപനത്തിൽ നടന്ന ക്രൂരതകളെക്കുറിച്ച് ഒരു മുൻ ജീവനക്കാരി വെളിപ്പെടുത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കുട്ടികളെയും മുതിർന്നവരെയും മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് പ്രതികൾ ഉപദ്രവിച്ചിരുന്നത്. സംഭവം പുറത്തുപറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും മുൻ ജീവനക്കാരി പറഞ്ഞു.
അന്തേവാസികൾക്ക് നല്ല ഭക്ഷണമോ കൃത്യമായ മരുന്നോ ഇവിടെ നൽകാറില്ലായിരുന്നു. മർദ്ദനമേറ്റ ഇവിടുത്തെ അന്തേവാസിയായ അണക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ ആദ്യം കട്ടപ്പന പൊലീസാണ് കേസെടുത്തത്. പിന്നീട് സംഭവം നടന്ന പരിധി കണക്കിലെടുത്ത് അന്വേഷണം ഇലവുംതിട്ട പൊലീസിന് കൈമാറുകയായിരുന്നു.
വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സ്ഥാപന നടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടം വാർത്താ സമ്മേളനം വിളിച്ചെങ്കിലും പിന്നീട് ഇത് ഒഴിവാക്കി. സ്ഥാപനത്തിൽ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംയുക്തമായി പരിശോധന നടത്തി. കുട്ടികളെ മർദിക്കുന്നത് നേരിട്ട് കണ്ട മറ്റ് അന്തേവാസികൾ സി.ഡബ്ല്യു.സി.ക്ക് നൽകിയ രഹസ്യ മൊഴി ഉടൻ തന്നെ പൊലീസിന് കൈമാറും.
പീഡനം സംബന്ധിച്ച് ശക്തമായ തെളിവുകൾ ലഭിച്ചതോടെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി ഇലവുംതിട്ട പൊലീസ് എഫ്.ഐ.ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
Content Highlight: Pathanamthitta Elohim Worship Center case: All three absconding accused arrested

































