#Latest News #Kollam #Ornaments
കൊല്ലം: (truevisionnews.com) മരുതമൺപള്ളി ക്ഷേത്രത്തിന് സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്ക് ലഭിച്ചത് അപ്രതീക്ഷിതമായി വെള്ളി ആഭരണങ്ങളുടെ വൻ ശേഖരം.
തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുകി വന്ന പ്ലാസ്റ്റിക് ടിൻ സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് അതിനുള്ളിൽ നിറയെ വെള്ളി ആഭരണങ്ങൾ കണ്ടത്. 35 ജോടി പാദസരം, രണ്ട് ജോടി കാൽത്തള, രണ്ട് ഏലസ്, അഞ്ച് മൂക്കുത്തി, രണ്ട് ജോടി കമ്മലുകൾ, ഒരു മോതിരം, ഇടിവള തുടങ്ങി വിവിധ തരത്തിലുള്ള 40 ജോടിയോളം ആഭരണങ്ങളാണ് ടിന്നിലുണ്ടായിരുന്നത്.
ടിൻ ലഭിച്ചതിന് സമീപത്തുനിന്ന് തന്നെ ആഭരണശാലകളിൽ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികൾ ഉടൻ തന്നെ വാർഡ് അംഗത്തെ വിവരമറിയിക്കുകയും തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി വസ്തുക്കൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഈ ആഭരണങ്ങളും ത്രാസും തോട്ടിലൂടെ ഒഴുകിയെത്തിയതാണോ അതോ ആരെങ്കിലും ബോധപൂർവ്വം ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ മുതലാണോ ഇതെന്നും സമീപത്തെവിടെയെങ്കിലും ആഭരണക്കടകളിൽ നിന്ന് ഇവ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
Content Highlight: Jewelry found in Kollam gorge
































