#LATEST NEWS #Emirati influencer Khalid Al Ameri #actress Sunaina #BREAKUP
(https://moviemax.in/) പ്രശസ്ത എമിറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും തെന്നിന്ത്യൻ നടി സുനൈനയും തമ്മിൽ വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് പുതിയ ബ്രേക്കപ്പ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഇരുവരുടെയും വിവാഹ വാർത്തയ്ക്കായി ആരാധകർ കാത്തിരിക്കുന്നതിനിടയിലാണ് സോഷ്യൽ മീഡിയയിലെ ഈ അപ്രതീക്ഷിത നീക്കം. ഖാലിദിന്റെ പിറന്നാൾ ദിനത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സുനൈന ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങളായിരുന്നു ഇരുവരും പ്രണയം വെളിപ്പെടുത്താനായി പങ്കുവെച്ചിരുന്നത്. പർപ്പിൾ സാരി ധരിച്ച സുനൈനയ്ക്കൊപ്പമുള്ള ഈ ചിത്രങ്ങൾ ഖാലിദ് പ്രൊഫൈലിൽ നിന്നും നീക്കം ചെയ്തു.
സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് പരസ്പരം ടാഗ് ചെയ്ത പോസ്റ്റുകളും ഒരുമിച്ചുള്ള മറ്റെല്ലാ ചിത്രങ്ങളും ഇരുവരും പൂർണ്ണമായി ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 32 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഖാലിദും സുനൈനയും നിലവിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല.
2024 മുതൽക്കാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. ദുബായിലെ ഒരേ കഫേ സന്ദർശിച്ചതിന്റെയും ഒരേ തരം ഭക്ഷണങ്ങളുടെയും ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ആരാധകർക്ക് സംശയം തോന്നിയത്.
തുടർന്ന് 2024 ജൂണിൽ തനിക്ക് നിശ്ചയം കഴിഞ്ഞതായി സുനൈന മോതിരം ധരിച്ച കൈകളുടെ ചിത്രം പങ്കുവെച്ചു. തൊട്ടുപിന്നാലെ ഖാലിദും സമാനമായ ചിത്രം പങ്കുവെച്ചതോടെയാണ് വരൻ ഖാലിദ് തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചത്.
യു.എ.ഇയിലെ ഏറ്റവും ജനപ്രിയനായ കണ്ടന്റ് ക്രിയേറ്റർമാരിൽ ഒരാളാണ് ഖാലിദ്. ഹൃദ്യമായ അവതരണ രീതിയിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ ഇദ്ദേഹത്തിന് കേരളത്തിലും വലിയ ആരാധകരുണ്ട്. പ്രമുഖ ഇൻഫ്ലുവൻസറായ സലാമ മുഹമ്മദായിരുന്നു ഖാലിദിന്റെ ആദ്യ ഭാര്യ. 2024 ഫെബ്രുവരിയിലാണ് ഇവർ വിവാഹമോചിതരായത്. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ സജീവമായ നടിയാണ് ഹൈദരാബാദ് സ്വദേശിയായ സുനൈന. തമിഴ് ചിത്രം 'കാതലിൽ വിഴുന്തേൻ', 'നീർപറവൈ', വിജയ് ചിത്രം 'തേരി', 'സില്ലുക്കരുപ്പട്ടി', 'ഇൻസ്‌പെക്ടർ ഋഷി' (വെബ് സീരീസ്) എന്നിവയിലൂടെ ശ്രദ്ധേയയാണ്.
സോഷ്യൽ മീഡിയയിൽ തങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വേർപിരിയൽ വാർത്തകളോട് ഖാലിദോ സുനൈനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlight: Emirati influencer Khalid Al Ameri and South Indian actress Sunaina have reportedly split up.
#LATEST NEWS #Emirati influencer Khalid Al Ameri #actress Sunaina #BREAKUP

































