---
title: "'മിനിസ്‌ക്രീനിലുള്ളവർക്ക് ബിഗ് സ്‌ക്രീനിൽ ചാൻസ് കൊടുക്കാറില്ല, അവർ ഓവർ ആക്ടിങ് ആണെന്നാണ് പറയുക'; തുറന്നുപറഞ്ഞ് ബീന ആന്റണി"
english_title: "Beena Antony, Beena Antony press meet, 'Balan' movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367146/beena-antony-beena-antony-press-meet-balan-movie"
published_at: "2026-06-20T14:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a365595210fd_Beena_Antony.jpg"
keywords: ["Beena Antony", "Balan Movie", "Chidambaram", "Malayalam Cinema", "Mollywood"]
---

# 'മിനിസ്‌ക്രീനിലുള്ളവർക്ക് ബിഗ് സ്‌ക്രീനിൽ ചാൻസ് കൊടുക്കാറില്ല, അവർ ഓവർ ആക്ടിങ് ആണെന്നാണ് പറയുക'; തുറന്നുപറഞ്ഞ് ബീന ആന്റണി

> **Lead Summary:** ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനങ്ങൾക്കും വലിയ രീതിയിലുള്ള കയ്യടികളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ, അതിനൊപ്പം തന്നെ സിനിമയിലെ പ്രകടനം കൊണ്ട് ശ്രദ്ധേയയാവുകയാണ് നടി ബീന ആന്റണി.

## Article Content

ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനങ്ങൾക്കും വലിയ രീതിയിലുള്ള കയ്യടികളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ, അതിനൊപ്പം തന്നെ സിനിമയിലെ പ്രകടനം കൊണ്ട് ശ്രദ്ധേയയാവുകയാണ് നടി ബീന ആന്റണി.

ചിത്രത്തിൽ 'ഷംനാത്ത' എന്ന ശക്തമായ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് ബീന ആന്റണി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ് മീറ്റിൽ താരം പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മിനിസ്‌ക്രീൻ താരങ്ങൾക്ക് സിനിമയിൽ നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.

'മിനി സ്ക്രീനിലുള്ളവർക്ക് പൊതുവേ ബി​ഗ് സ്ക്രീനിൽ ആരും ചാൻസ് കൊടുക്കാറില്ല. എനിക്ക് ആദ്യമായിട്ടാണ് കിട്ടിയത്. പൊതുവേ പറയുന്നത്, സീരിയലിൽ അഭിനയിച്ച് കഴിഞ്ഞാൽ പിന്നെ അവരെ കൊള്ളില്ല, ഭയങ്കര ഓവർ ആക്ടിങ് ആണ്. അവർക്ക് അഭിനയിക്കാൻ അറിയില്ല എന്നൊക്കെ പറഞ്ഞ് എപ്പോഴും തഴയപ്പെടുന്നത് ആണ്. ​ഗണപതി എന്തോ അങ്ങനെയൊരു റിസ്ക് എടുത്തു. ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി. പണ്ട് ഏകദേശം 30 ഓളം സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. യോദ്ധ പോലെയുള്ള ഒരുപാട് നല്ല സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് അത്ര നല്ല അഭിനയമൊന്നും അറിയില്ല.

അന്ന് പിന്നെ ചെറു പ്രായം കൂടിയായിരുന്നല്ലോ. ഇപ്പോഴൊക്കെ പിന്നെ സീരിയലിൽ ഇത്രയും ചെയ്തതിന്റെ ഒരു അനുഭവത്തിന്റെ പുറത്ത് ഇവർ പറയുന്നതുപോലെ കഥാപാത്രത്തെ ഉൾക്കൊണ്ട് ചെയ്യാനുള്ള ഒരു കോൺഫിഡൻസൊക്കെയുണ്ട്. പണ്ട് അത്രയ്ക്കൊന്നും അറിയില്ലല്ലോ. എത്ര സീരിയലിറങ്ങി, എത്ര അവാർഡ് കിട്ടി എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എനിക്ക് മൂന്ന് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. ബീന ആന്റണി എന്ന് പറഞ്ഞ് അവിടെ രേഖപ്പെടുത്താൻ ഒന്നും ഒരു കഥാപാത്രം പോലുമുണ്ടാകില്ല. അപ്പോൾ എത്ര തലമുറ കഴിഞ്ഞാലും എന്നിലുള്ള അഭിനേത്രിയുടെ എന്തെങ്കിലും കുറച്ച് എവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് ഭയങ്കര ആ​ഗ്രഹമായിരുന്നു. അതിന് ദൈവം സഹായിച്ചുവെന്ന് മാത്രമേ ഞാനിപ്പോൾ പറയുന്നുള്ളൂ', ബീന ആന്റണിയുടെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/367146/beena-antony-beena-antony-press-meet-balan-movie)