#Shigella Prevention #Mission Clean Kerala #Food Safety Inspection #Kuttyadi #Violation
കോഴിക്കോട് : ( https://truevisionnews.com/) ജില്ലയിൽ ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മിഷൻ 'ക്ലീൻ കേരള' നടപടികൾ പുരോഗമിക്കുന്നു.
ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും ഹോട്ടലുകൾ, കൂൾബാറുകൾ, റസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിവരുന്നത്.
ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങളും സർക്കാർ ഉത്തരവിൽ പരാമർശിച്ച ഷവർമ നിർമാണ-വിൽപ്പന മാർഗനിർദ്ദേശങ്ങളും പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങളിലെ ഷവർമ നിർമാണവും വിൽപ്പനയും ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു. കുറ്റ്യാടി സർക്കിളിന്റെ പരിധിയിലെ ആയഞ്ചേരി, കുറ്റ്യാടി പഞ്ചായത്തുകളിൽ പതിനെട്ടു കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടിച്ചു.
പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനായി ശുപാർശ ചെയ്തു. കൂടാതെ, അശുചിത്വപരമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ഒരു തട്ടുകടയ്‌ക്കെതിരെ അഡ്‌ജുഡിക്കേഷൻ നടപടി സ്വീകരിക്കുന്നതിനുള്ള നോട്ടീസും നൽകി.
ചെറിയ ന്യൂനതകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ആയഞ്ചേരി ഒലീവ് കാറ്ററിംഗിന്റെ ഷവർമ യൂണിറ്റ്, മറ്റൊരു സ്ഥാപനമായ നാനോ തട്ടുകട എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ.
പരിശോധനയ്ക്കിടെ ഉപഭോഗയോഗ്യമല്ലാത്തതായി കണ്ടെത്തിയ എട്ട് കിലോ പൊറോട്ട മാവ് രണ്ട് കിലോ ഇറച്ചി, ആറ് കിലോ വറുത്ത പലഹാരങ്ങൾ അഞ്ച് കിലോ അരി മാവ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർ നിയമനടപടികൾ ശക്തമായി തുടരുന്നതാണ്.
കുറ്റ്യാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ് അഷ്‌റഫ് എ പി, ഓഫീസ് അസിസ്റ്റന്റ് സായൂജ്. എസ്. ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlight: Shigella infection in the district, lightning inspection in hotels and thatched houses in the Kuttiadi area
#Shigella Prevention #Mission Clean Kerala #Food Safety Inspection #Kuttyadi #Violation

































