---
title: "'കേട്ടത് ശരിയാണ് എനിക്ക് കാൻസറാണ്, തേർഡ് സ്റ്റേജ് കഴിയാറായി, ഹൃദയത്തിന്റെ മസിലിലോട്ടും ശ്വസാകോശത്തിലേക്കും വ്യാപിച്ചു' - അവസ്ഥ തുറന്നുപറഞ്ഞ് രേണു സുധി"
english_title: "Renu Sudhi says the news that she has cancer is true"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365858/renu-sudhi-says-the-news-that-she-has-cancer-is-true"
published_at: "2026-06-14T09:03:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e216587443_renu.jpg"
keywords: ["Renu Sudhi", "cancer"]
---

# 'കേട്ടത് ശരിയാണ് എനിക്ക് കാൻസറാണ്, തേർഡ് സ്റ്റേജ് കഴിയാറായി, ഹൃദയത്തിന്റെ മസിലിലോട്ടും ശ്വസാകോശത്തിലേക്കും വ്യാപിച്ചു' - അവസ്ഥ തുറന്നുപറഞ്ഞ് രേണു സുധി

> **Lead Summary:** ** **മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ രേണു സുധി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പങ്കുവെച്ച വെളിപ്പെടുത്തൽ ആരാധകരെ വലിയൊരു ഞെട്ടലിലാണ് ആഴ്ത്തിയിരിക്കുന്നത്. താൻ അർബുദബാധിതയാണെന്ന വാർത്തകൾ സത്യമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

## Article Content

** **മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ രേണു സുധി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പങ്കുവെച്ച വെളിപ്പെടുത്തൽ ആരാധകരെ വലിയൊരു ഞെട്ടലിലാണ് ആഴ്ത്തിയിരിക്കുന്നത്. താൻ അർബുദബാധിതയാണെന്ന വാർത്തകൾ സത്യമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

കാൻസർ തേർഡ് സ്റ്റേജാണെന്നും ഹൃദയത്തിന്റെ മസിലിലേയ്ക്കും ശ്വസകോശത്തിലേക്കും വ്യാപിച്ചുവെന്നും അവസ്ഥ മോശമാണെന്നും താരം  അഭിമുഖത്തിൽ പറ‍ഞ്ഞു.  എന്റെ പ്രേക്ഷകരോട് എല്ലാം പറയാൻ സമയമായിയെന്ന് തോന്നി. കേട്ടത് ശരിയാണ് എനിക്ക് കാൻസറാണ്. ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത് ദുബായിൽ വെച്ചാണ് സ്ഥിരീകരിച്ചത് എന്നാണ്. സത്യം അതല്ല.

സ്തനത്തിലെ മുഴ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെട്ടത് എനിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ്. ആ മുഴയാണിപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. അന്ന് ഞാൻ മുഴ കാര്യമായി എടുത്തില്ല. മുഴയ്ക്ക് നിറ വ്യത്യാസം വന്നപ്പോഴും ഞാൻ കാര്യമാക്കിയില്ല.

വീട്ടിലും പറഞ്ഞില്ല. അസുഖങ്ങൾ വന്നാൽ പൊതുവെ വീട്ടിൽ പറയാറില്ല. അവർ തന്നെ മനസിലാക്കി കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ഡിപ്ലോമയ്ക്ക് പഠിക്കുന്ന സമയത്ത് വീട്ടുകാർ അറിഞ്ഞു. ഉടൻ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. 16 വർഷം മുമ്പ് നടന്ന കാര്യമാണ് അത്. ബയോപ്സിയും ചെയ്തു. ശേഷം ഡോക്ടർ പറഞ്ഞത് ഇപ്പോൾ വലിയ പ്രശ്നമില്ല.

പക്ഷെ ഭാവിയിൽ കാൻസറാകുമെന്ന് ഡോക്ടർ അന്നേ പറഞ്ഞിരുന്നു. ആ സമയത്ത് അപ്പന്റിക്സിന്റെ ഓപ്പറേഷൻ കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ഓപ്പറേഷന് വേണ്ട് അന്ന് നടുവിന് ഇഞ്ചക്ഷൻ എടുത്തിരുന്നു. ഒരുപാട് വേദന അനുഭവിച്ചു. ആ ഒരു പേടി മൂലം മുഴ എടുത്ത് കളയണമെന്ന കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല. സൂചി കുത്തുന്നത് പോലും ഇപ്പോഴും എനിക്ക് പേടിയാണ്. ഓപ്പറേഷൻ ഭയമായിരുന്നു.

സുധി ചേട്ടൻ മരിച്ച് കുറേനാൾ കഴിഞ്ഞപ്പോൾ സ്തനത്തിന്റെ ആകൃതിയിൽ വ്യത്യാസം വന്നതായി തോന്നി. ഡോക്ടറെ കാണിച്ചു. അദ്ദേഹത്തിനും സംശയം തോന്നി. സ്കാൻ ചെയ്തു. ഞാൻ ഒറ്റയ്ക്കാണ് പോയത്. സ്കാനിനുശേഷം മാമോ​ഗ്രാം ചെയ്തു. വേദനയില്ലാത്ത മുഴയായതുകൊണ്ടാണ് ഞാൻ ഇതിനെ പറ്റി അധികം ചിന്തിക്കാതിരുന്നത്. അതാണ് ‍ഞാൻ ചെയ്ത തെറ്റ്.

മാമോ​ഗ്രാമിനുശേഷം ബയോപ്സി എടുത്തു. അതിൽ കാൻസറാണെന്ന് വ്യക്തമായി. അത് കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥയിലായി. കരയാൻ പോലും കഴിഞ്ഞില്ല. പക്ഷെ ഞാൻ വീട്ടിലാരോടും പറഞ്ഞില്ല. അവർ വിഷമിക്കും. മാനേജർ കരിഷ്മയാണ് എന്റെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട് കാര്യങ്ങൾ എന്നോട് ചോദിച്ചറിഞ്ഞത്. അവളാണ് എന്റെ ചേച്ചിയോടും വീട്ടുകാരോടും അസുഖ വിവരം പറഞ്ഞത്.

ശേഷം പരുമല ആശുപത്രിയിൽ പെറ്റ് സ്കാൻ എടുക്കാൻ പോയി. അവിടെ വെച്ചാണ് എന്റെ അസുഖ വിവരം ലീക്കായത്. അങ്ങനെയാണ് ചില യുട്യൂബേഴ്സ് അറിഞ്ഞതും വീഡിയോ ചെയ്തതും. കാൻസറാണെന്ന് വീട്ടിലറിഞ്ഞാൽ അവർ എന്നെ ഷൂട്ടിന് വിടില്ല. ചികിത്സിക്കാൻ എനിക്ക് പണം ആവശ്യമാണ്. അതാണ് വീട്ടിൽ അറിയിക്കാതെ ഇരുന്നത്.

കോട്ടയം മെ‍ഡിക്കൽ കോളേജിലാണ് പിന്നീട് കാണിച്ചത്. അവിടെ വെച്ചും നിരവധി പരിശോധനകളും സ്കാനിങും നടത്തി. രണ്ടാഴ്ച മുമ്പാണ് കാൻസറാണെന്ന് അവർ സ്ഥിരീകരിച്ചത്. തേർഡ് സ്റ്റേജ് കഴിയാറായി. അന്നെ ചികിത്സിച്ചിരുന്നുവെങ്കിൽ ഇന്ന് എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. കുറച്ച് മോശം അവസ്ഥയാണ്. സ്തനത്തിൽ നിന്നും അത് കക്ഷത്തിലേക്ക് വ്യാപിച്ചു. ഹൃദയത്തിന്റെ മസിലിലോട്ടും ശ്വസാകോശത്തിലേക്കും വ്യാപിച്ചു.

എന്നെപോലെ കാൻസർ മൂലം വേദന അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് മാതൃകയാകണം എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. അതുകൊണ്ട് കരയാൻ കഴിയില്ല എന്നും രേണു സുധി പറഞ്ഞു. കാൻസറാണെന്ന് അഭ്യൂഹം പരന്നപ്പോൾ തന്നെ നിരവധി പേർ രേണുവിന് പ്രാർത്ഥനകൾ നേർന്ന് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365858/renu-sudhi-says-the-news-that-she-has-cancer-is-true)