Jun 8, 2026 01:44 PM

#LATEST NEWS #Actress attack case #High Court

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസിൽ നിന്ന് പിന്മാറിയത്. ഇതേത്തുടർന്ന് അതിജീവിതയുടെ ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ വഴിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

മെമ്മറി കാർഡിൽ മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധന നടന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ആദ്യ പരിശോധന (2018 ജനുവരി 9): അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് രാത്രി 9.58-ന് മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചു.

രണ്ടാം പരിശോധന (2018 ഡിസംബർ 13): ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ രാത്രി 10.58-ന് കാർഡ് പരിശോധിച്ചു.

മൂന്നാം പരിശോധന (വിചാരണ കോടതിയിൽ): വിചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ തന്റെ വിവോ (Vivo) ഫോണിലിട്ട് ദൃശ്യങ്ങൾ കണ്ടതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ ഫോൺ പിന്നീട് നഷ്ടപ്പെട്ടു എന്നാണ് താജുദ്ദീൻ നൽകിയ മൊഴി.

മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും, എഫ്.എസ്.എൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധിക്കാവൂ എന്നും 2019 നവംബറിൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും കർശന വ്യവസ്ഥയുണ്ടായിരുന്നു.

എന്നാൽ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസ് ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, എല്ലാ നിയമങ്ങളും ലംഘിച്ചാണ് ശിരസ്തദാറിന് മെമ്മറി കാർഡ് കൈമാറിയതെന്നുമാണ് അതിജീവിതയുടെ പ്രധാന ആരോപണം. വിചാരണ കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: Actress attack case: High Court judge withdraws re-investigation petition into leaked footage

#LATEST NEWS #Actress attack case #High Court

Next TV

Top Stories










News Roundup