#Latest News #Sunny Joseph #P S Sanjeev #Benny Thomas
കണ്ണൂര്‍: ( www.truevisionnews.com) ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ നിന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സഹോദരീ ഭര്‍ത്താവുമായ ബെന്നി തോമസ് രാജിവെച്ചതില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. അധികാരത്തില്‍ വന്ന് മൂന്ന് ആഴ്ച തികയും മുന്‍പ് ആദ്യ രാജിയുണ്ടായെന്ന് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
'ആദ്യ വിക്കറ്റ് വീണു. അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുന്‍പ് ആദ്യ രാജി. സണ്ണി ജോസഫിന്റെ അളിയന്‍ ബെന്നി തോമസ് രാജിവെച്ചു. വിസ്മയ കാലം', പി എസ് സഞ്ജീവ് കുറിച്ചു. ബെന്നി തോമസ് ഇന്നാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. പ്രതിപക്ഷ ബന്ധുനിയമന വിവാദം ശക്തമായി ഉയര്‍ത്തിയതിന് പിന്നാലെയാണ് ബെന്നി തോമസിന്റെ രാജി.
കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലും ബെന്നി തോമസിന്റെ നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവായ ബെന്നി തോമസ് കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ്. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുത്തതാണെന്നും വ്യക്തമാക്കി.
നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നും ബെന്നി തോമസ് കൂട്ടിച്ചേര്‍ത്തു. 'എന്നെ വൈദ്യുതിവകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നല്ലോ.
എന്നാല്‍ ആ നിയമനം വിവാദമാകുകയും പാര്‍ട്ടിക്ക് വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തില്‍ ഞാന്‍ രാജിവെച്ചതായി അറിയിക്കുന്നു', എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ബെന്നി തോമസ് അറിയിച്ചിരിക്കുന്നത്.
Content Highlight: SFI State Secretary P.S. Sanjeev reacts to the resignation of Benny Thomas, Additional Private Secretary and brother-in-law of Sunny Joseph, from his staff.




























