---
title: "മഞ്ഞുമ്മൽ ബോയ്‌സ് കേസ്; നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു"
english_title: "Manjummal Boys case; Crime Branch files chargesheet against producers including actor Soubin Shahir"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363825/manjummal-boys-case-crime-branch-files-chargesheet-against-producers-including-actor-soubin-shahir"
published_at: "2026-06-04T16:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21606f0ce21_cvbfhgm.jpg"
keywords: ["latest news", "Manjummal Boys case", "Soubin Shahir"]
---

# മഞ്ഞുമ്മൽ ബോയ്‌സ് കേസ്; നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

> **Lead Summary:** തെന്നിന്ത്യൻ സിനിമാലോകത്ത് വൻ തരംഗം സൃഷ്ടിച്ച 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം ആയിരം പേജുള്ള വിശദമായ കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

## Article Content

തെന്നിന്ത്യൻ സിനിമാലോകത്ത് വൻ തരംഗം സൃഷ്ടിച്ച 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം ആയിരം പേജുള്ള വിശദമായ കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

സിനിമയുടെ നിർമ്മാണത്തിനായി പ്രതികൾ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഏറ്റവും ഗുരുതരമായ കണ്ടെത്തൽ. പരാതിക്കാരനെ വഞ്ചിക്കണമെന്ന മുൻകൂട്ടിയുള്ള ഉദ്ദേശത്തോടെ തന്നെയാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ തന്നിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി തട്ടിയെടുത്തു എന്ന അരൂർ സ്വദേശി സിറാജ് വലിയത്തറയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതികൾക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിർ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്നും, അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ എഫ്‌ഐആർ (FIR) റദ്ദാക്കാൻ കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363825/manjummal-boys-case-crime-branch-files-chargesheet-against-producers-including-actor-soubin-shahir)