---
title: "തിയേറ്ററുകളിൽ 'പെദ്ധി' പൂരം; ബോക്സ് ഓഫീസിനെ ഞെട്ടിച്ച് രാം ചരണിന്റെ പ്രീ-സെയിൽ കളക്ഷൻ; ആദ്യ ദിന കണക്കുകൾ പുറത്ത്"
english_title: "'Peddhi' Pooram in theaters; Ram Charan's pre-sale collection shocks the box office; First day figures out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363838/peddhi-pooram-in-theaters-ram-charans-pre-sale-collection-shocks-the-box-office-first-day-figures-out"
published_at: "2026-06-04T17:24:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2167b9c848f_dfyhdr.jpg"
keywords: ["latest news", "'Peddhi'", "Ram Charan"]
---

# തിയേറ്ററുകളിൽ 'പെദ്ധി' പൂരം; ബോക്സ് ഓഫീസിനെ ഞെട്ടിച്ച് രാം ചരണിന്റെ പ്രീ-സെയിൽ കളക്ഷൻ; ആദ്യ ദിന കണക്കുകൾ പുറത്ത്

> **Lead Summary:** ആഗോള സിനിമാപ്രേമികൾ കാത്തിരുന്ന തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി' തിയേറ്ററുകളിലെത്തി. റിലീസ് ദിനത്തിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ-സെയിൽ കളക്ഷൻ മാത്രം ഏകദേശം 19.57 കോടി രൂപയോളമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

## Article Content

ആഗോള സിനിമാപ്രേമികൾ കാത്തിരുന്ന തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി' തിയേറ്ററുകളിലെത്തി. റിലീസ് ദിനത്തിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ-സെയിൽ കളക്ഷൻ മാത്രം ഏകദേശം 19.57 കോടി രൂപയോളമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. പ്രമുഖ നിർമ്മാണ കമ്പനികളായ മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം വ്യക്തമാക്കുന്ന ഗ്ലിമ്പ്സ് വീഡിയോ അടുത്തിടെ പുറത്തുവരികയും വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ ഒരു പെഹൽവാനായി (ഗുസ്തിക്കാരൻ), ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് രാം ചരണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗുസ്തിക്ക് പുറമെ ക്രിക്കറ്റും ചിത്രത്തിന്റെ കഥാ പശ്ചാത്തലമായി വരുന്നുണ്ടെന്നത് പ്രേക്ഷകരിൽ വലിയ കൗതുകമാണ് ഉണർത്തുന്നത്.

ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും അതീവ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ - ശിവരാജ് കുമാർ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇവരെ കൂടാതെ ബോളിവുഡ് താരം ദിവ്യേന്ദു ശർമ്മ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363838/peddhi-pooram-in-theaters-ram-charans-pre-sale-collection-shocks-the-box-office-first-day-figures-out)