#LATEST NEWS #Viyyur jail #Death Remand prisoner
തൃശൂർ: (truevisionnews.com) വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിലിരുന്ന തടവുകാരൻ മരിച്ച സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ആണ് മരിച്ചത്. ജയിലിൽ വെച്ചുണ്ടായ ക്രൂരമായ മർദ്ദനമാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി.
മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ മേയ് 18-നാണ് രേഷ് ബാബുവിനെ ഈസ്റ്റ് പോലീസ് പിടികൂടുന്നത്. തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു. ജയിലിൽ കഴിയവേ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മേയ് 26-നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.
മരിച്ച രേഷ് ബാബു കടുത്ത മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇയാളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും കുടുംബം ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. യുവാവിന് മാനസിക അസ്വസ്ഥതകൾ ഉണ്ടെന്ന കാര്യം പോലീസ് മനപ്പൂർവ്വം ഒളിച്ചുവെച്ചെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. ചികിത്സ നൽകേണ്ട വ്യക്തിയെ ജയിലിലടയ്ക്കുകയും അവിടെ വെച്ച് മർദ്ദനമേൽക്കുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നും, സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Content Highlight: Death of a remand prisoner in Viyyur jail; Relatives complain that he was beaten in jail

































