#Latest News #Supreme Court #Sexual Intercourse #Marriage
ന്യൂഡല്‍ഹി: ( www.truevisionnews.com ) വിവാഹബന്ധത്തില്‍ ലൈംഗികത അകാരണമായി നിഷേധിക്കുന്നത് ഒരാള്‍ മറ്റേയാളോട് ചെയ്യുന്ന ക്രൂരതയാണെന്ന് സുപ്രീംകോടതി.
ഇത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമാണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
മതിയായ കാരണമില്ലാതെ നീണ്ട കാലയളവില്‍ ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നത് പങ്കാളിയോടുള്ള ക്രൂരതയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് പങ്കാളിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ദാമ്പത്യബന്ധത്തിന്റെ അടിത്തറയെ തകര്‍ക്കുകയും ചെയ്യുന്നതാണെന്ന് വിവിധ കോടതികള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
ദാമ്പത്യ ബന്ധത്തിലെ അവകാശങ്ങളെ ദാമ്പത്യ ബന്ധത്തിലെ കടമകളില്‍ നിന്ന് വേര്‍പെടുത്തി കാണാന്‍ കഴിയില്ല. പരസ്പര ബഹുമാനം, ഒരുമിച്ചുള്ള പ്രതീക്ഷകള്‍, വൈകാരിക പിന്തുണ, വിശ്വസ്തത, ഉത്തരവാദിത്തം, പരിചരണം എന്നിവയിലൂന്നിയ ഒരു പങ്കാളിത്തമാണ് വിവാഹം എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരായ ഭര്‍ത്താവും ഭാര്യയുമാണ് കേസിലെ കക്ഷികള്‍. 2007 ഡിസംബറിലായിരുന്നു ഹിന്ദു ആചാരപ്രകാരം ഇവർ വിവാഹം കഴിച്ചത്.
ഭര്‍ത്താവ് രാജസ്ഥാനിലും ഭാര്യ ഗുജറാത്തിലുമാണ് ജോലി ചെയ്തിരുന്നത്. ഇവർക്ക് കുട്ടികളില്ല. 2009ലാണ് ഭര്‍ത്താവ് വിവാഹമോചനത്തിന് പരാതി നല്‍കുന്നത്. രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെ ഭാര്യ രണ്ടോ മൂന്നോ മാസം മാത്രമേ തന്നോടൊപ്പം കഴിഞ്ഞിട്ടുള്ളൂവെന്നും ലൈംഗികബന്ധം തുടര്‍ച്ചയായി നിഷേധിച്ചെന്നും ഭര്‍ത്താവ് ആരോപിച്ചു.
എന്നാല്‍, കുടുംബകോടതി ഭര്‍ത്താവിന്റെ വിവാഹമോചന ആവശ്യം തള്ളി. തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് വിവാഹമോചനം അനുവദിച്ചത്. ഇതിനെതിരെയാണ് ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്.
ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകാനുള്ള ആത്മാര്‍ഥമായ യാതൊരു ശ്രമവും ഭാര്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. 15 വര്‍ഷത്തിനിടെ ഏതാനും മാസങ്ങള്‍ മാത്രമേ ഒരുമിച്ച് കഴിഞ്ഞിട്ടുള്ളൂ. പരസ്പര വിശ്വാസം, സൗഹൃദം, ദാമ്പത്യ ജീവിതം എന്നിവ കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടു.
ലൈംഗിക ബന്ധം തുടര്‍ച്ചയായി നിഷേധിച്ചു. ഒരുമിച്ചുണ്ടായിരുന്ന ദിവസങ്ങളില്‍ ഭാര്യ മുറി പൂട്ടി നേരത്തെ ഉറങ്ങും. ഭര്‍ത്താവ് വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറക്കാന്‍ ഭാര്യ തയ്യാറായിരുന്നില്ല.
തുടര്‍ന്ന് മറ്റ് മുറിയിലാണ് താന്‍ ഉറങ്ങിയിരുന്നതെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാൽ ഭര്‍ത്താവിനെ താന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ദാമ്പത്യം തുടരാന്‍ തയ്യാറാണെന്നുമായിരുന്നു ഭാര്യ കോടതിയിൽ വ്യക്തമാക്കിയത്.
Content Highlight: denying sexual intercourse in marriage is cruelty supreme court


































