കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. കക്കറമുക്ക് സ്വദേശി റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്. സോനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാലേരിയിലെ സോനയുടെ വീട്ടിലേക്ക് കൊണ്ട് പോയി. സംസ്‌കാരം വീട്ടുവളപ്പിൽ നടക്കും.
ആറ് മാസം ഗര്‍ഭിണിയായിരുന്നു സോന. സോനയുമായി ആശുപത്രിയില്‍ പോയി മടങ്ങവേയാണ് ദുരന്തം സംഭവിച്ചത്. വീട്ടിലേക്ക് എത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് അപകടം നടന്നതെന്ന് ഇവരുടെ ബന്ധു പറയുന്നു. രണ്ട് മാസം മുന്‍പാണ് റിജിന്‍ ലാല്‍ വിദേശത്ത് നിന്ന് വന്നത്. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു പോകാന്‍ ഇരിക്കെ ആണ് അപകടം. പൊള്ളലേറ്റ് ചികിത്സയില്‍ തുടരുകയാണ് റജിന്‍. 60 ശതമാനത്തില്‍ അധികം പൊള്ളല്‍ ഉണ്ടെന്ന് ആണ് വിവരം.
രാത്രി 9.15ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. റോഡിലൂടെ പോവുകയായിരുന്ന കാറില്‍നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു. കാറിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ തൊട്ടടുത്ത നെല്‍വയലില്‍നിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചത്. കാറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tragedy plunges Cheruvannur into mourning car catches fire with only five minutes to reach home Sona funeral held in her home compound


































