---
title: "‘മന്ത്രിസഭ രൂപീകരിക്കും മുൻപേ ഈ കാണിക്കുന്നത് കോപ്രായങ്ങൾ’; മഹിളാ മോർച്ചയുടെ ബസ് സമരത്തിനെതിരെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ!"
english_title: "NDA candidate Akhil Marar against Mahila Morcha's bus strike!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359732/nda-candidate-akhil-marar-against-mahila-morchas-bus-strike"
published_at: "2026-05-16T10:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07f56b49ea9_NDA_candidate_Akhil_Marar_against_Mahila_Morchas_bus_strike.jpg"
keywords: []
---

# ‘മന്ത്രിസഭ രൂപീകരിക്കും മുൻപേ ഈ കാണിക്കുന്നത് കോപ്രായങ്ങൾ’; മഹിളാ മോർച്ചയുടെ ബസ് സമരത്തിനെതിരെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ!

> **Lead Summary:** സ്ത്രീകൾക്ക് സൗജന്യ യാത്ര ആവശ്യപ്പെട്ട് കെഎസ്ആർടിസി ബസുകളിൽ നടന്ന പ്രതിഷേധ പരിപാടികളെ വിമർശിച്ച് ബിഗ് ബോസ് മുൻ വിജയിയും നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായ അഖിൽ മാരാർ രംഗത്ത്. യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉണ്ടായിരുന്ന വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചയായിരുന്നു പലയിടങ്ങളിലായി കെഎസ്ആർടിസി ബസുകളിൽ പ്രതിഷേധം നടത്തിയത്.

## Article Content

സ്ത്രീകൾക്ക് സൗജന്യ യാത്ര ആവശ്യപ്പെട്ട് കെഎസ്ആർടിസി ബസുകളിൽ നടന്ന പ്രതിഷേധ പരിപാടികളെ വിമർശിച്ച് ബിഗ് ബോസ് മുൻ വിജയിയും നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായ അഖിൽ മാരാർ രംഗത്ത്. യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉണ്ടായിരുന്ന വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചയായിരുന്നു പലയിടങ്ങളിലായി കെഎസ്ആർടിസി ബസുകളിൽ പ്രതിഷേധം നടത്തിയത്.

സംഘടനാ പ്രവർത്തകർ ബസുകളിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്താണ് സമരം നടത്തിയത്. ഈ സമരരീതിയെ വിമർശിച്ചാണ് അഖിൽ മാരാർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ മഹിളാ മോർച്ചയുടെ പേര് നേരിട്ട് പറയാതെയും, കെഎസ്ആർടിസി ബസുകളിലെ പ്രതിപക്ഷം എന്ന് കൃത്യമായി സൂചിപ്പിക്കാതെയുമാണ് അഖിൽ മാരാർ തന്റെ വിയോജിപ്പ് അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അഖിലിന്റെ ഈ പ്രതികരണം.

അഖില്‍ മാരാരുടെ കുറിപ്പ്

സമരം എന്നത് കേവലം ഷോ ആയി മാറിയാൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും സമൂഹത്തിൽ വിഡ്ഢികൾ ആയി മാറും...

കേരളത്തിൽ പുതുതായി അധികാരത്തിൽ എത്തിയ സർക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും പ്രതിപക്ഷം ആദ്യം നൽകണം..

ജനങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കാനും മുൻ സർക്കാരുകൾ തീറ്റി പോറ്റിയ ഉദ്യോഗസ്ഥരിൽ ജനകീയ തീരുമാനങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ കണ്ടെത്താനും മറ്റും മാന്യമായ സമയം നൽകുക..

ഈ സർക്കാർ ഞങ്ങളെ ചതിക്കുക ആണെന്ന് ജനങ്ങൾ പറയുമ്പോൾ അവർക്ക് വേണ്ടി ശബ്ദിക്കുന്നതാണ് ജനകീയ സമരം...

അല്ലാതെ കാവൽ മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ മന്ത്രിസഭ രൂപീകരണം പോലും നടക്കാതെ ഈ കാണിക്കുന്ന കോപ്രായങ്ങൾക്ക് സമരം എന്ന് പറഞ്ഞു സമരങ്ങളുടെ വില കളയാതിരിക്കുക..

ഭരണ പക്ഷത്തേക്കാൾ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട പ്രതിപക്ഷം കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണം എന്നാഗ്രഹിച്ചു പോകുന്നു..

ഇതേ അഭിപ്രായം തന്നെയാണ് യുദ്ധം മൂലം ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ തിരിച്ചറിയാതെ കേന്ദ്രം എടുക്കുന്ന നടപടികളെ എതിർക്കുന്നവരും ചെയ്യുന്നത്... നരേന്ദ്ര മോദിജിയുടെ ഭരണം സൃഷ്ട്ടിച്ച പ്രതിസന്ധി അല്ല, മറിച്ച് നമുക്ക് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധികൾ ആണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നു തിരിച്ചറിയാൻ ഉള്ള ബോധവും വേണം..

പൊതുമധ്യത്തിൽ ഇറങ്ങിയുള്ള അനാവശ്യ സമരങ്ങൾ ജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു....

### Related Links & Sources
- [Original Story Source](https://moviemax.in/news/359732/nda-candidate-akhil-marar-against-mahila-morchas-bus-strike)