പേരാമ്പ്ര(കോഴിക്കോട്): ( www.truevisionnews.com ) പേരാമ്പ്രയിലെ സോനയുടെ അപ്രതീക്ഷിത മരണം വിശ്വസിക്കാനാവാതെ കുടുംബവും നാട്ടുകാരും.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് രജിൻലാലും സോനയും വിവാഹിതരായത്. ആദ്യത്തെ കൺമണിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയത്താണ് രജിൻലാലിന് ഗർഭിണിയായ ഭാര്യയുടെ ദാരുണാന്ത്യം കൺമുൻപിൽ കാണേണ്ടിവന്നത്.
രാത്രി ഒമ്പതുമണി കഴിഞ്ഞപ്പോഴാണ് ചെറുവണ്ണൂരിൽ കാർ കത്തിയ വിവരം പുറത്തറിയുന്നത്. നാട്ടുകാരെല്ലാം ഉടനടി സ്ഥലത്തേക്ക് ഓടിയെത്തി. രക്ഷാപ്രവർത്തനത്തിലും ആളുകൾ കൈമെയ് മറന്ന് രംഗത്തുണ്ടായിരുന്നു.
അതിനാലാണ് പെട്ടെന്ന് തീ കെടുത്താനായത്. അപ്പോഴാണ് കക്കറ മുക്കിലെ നാട്ടുകാരൻ രജിൻലാലും ഭാര്യയുമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്ന വാർത്ത വന്നത്.
നാട്ടുകാർക്കെല്ലാം ഏറെ അടുപ്പമുള്ളവനാണ് രജിൻലാൽ. വിവരമറിഞ്ഞവരെല്ലാം ഒന്നും സംഭവിക്കരുതേയെന്ന പ്രാർഥനയോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കുമെത്തി.
ആശുപത്രി പരിസരം ജനനിബിഡമായി. അപ്പോഴേക്കും സോനയുടെ മരണം സ്ഥിരീകരിച്ചിരുന്നു. രജിൻ ലാലിനെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയുംചെയ്തു.
ചെറുവണ്ണൂരിൽനിന്ന് കക്കറമുക്കിലേക്കുള്ള റോഡിലേക്ക് കടന്ന് അല്പദൂരം പിന്നിടുംമുൻപാണ് തീപടർന്നത്. വയലിനുനടുവിലുള്ള സ്ഥലമാണിത്.
തീകണ്ട സമീപവാസികൾ പെട്ടെന്ന് ഓടിയെത്തി തീകെടുത്തിയെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. വലിയ ശബ്ദംകേട്ടാണ് സമീപവാസികളെല്ലാം ഓടിയെത്തിയത്. അപ്പോൾ തീ ആളിപ്പടരുകയായിരുന്നു.
രജിൻലാൽ വസ്ത്രത്തിലാകെ തീപടർന്ന് പുറത്തേക്ക് ഇറങ്ങിയോടിയിരുന്നു. ഉടനെ വയലിൽനിന്ന് വെള്ളമൊഴിച്ച് നാട്ടുകാർ കെടുത്തി. ഉള്ളിൽ ആളുള്ളത് ആദ്യമറിഞ്ഞിരുന്നില്ല. സോനയെ പുറത്തെടുത്ത് സി.പി.ആർ. നൽകുമ്പോൾ ജീവനുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Sona's death, car fire leads to tragic end for pregnant woman, love marriage

































