ഒറ്റപ്പാലം: ( www.truevisionnews.com ) നഗരത്തിലെ വാടകവീട്ടിൽ സേലം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്തൂർ പൊത്തനായകൻ പാളയം പുതുക്കോത്തംപടി സ്വദേശിനി കൃഷ്ണവേണി (25) ആണു മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.
കൊലപാതകമാണെന്ന സംശയത്തെ തുടർന്നു ഭർത്താവ് ആത്തൂർ സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെന്നടി ബസാർ വിവേകാനന്ദ റോഡിലെ വാടകവീട്ടിൽ കഴിഞ്ഞദിവസം രാത്രി പത്തോടെയാണു യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളമായി ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്കു താമസിക്കുന്ന കുടുംബമാണ്.
ഭർത്താവ് ആത്തൂർ സ്വദേശി മണികണ്ഠൻ നിരന്തരം മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുള്ളതായി അയൽവാസികൾ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ തൊട്ടടുത്ത റൂമിലെ താമസക്കാരാണു കൃഷ്ണവേണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള ഭർത്താവിനെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
ഷൊർണൂർ ഡിവൈഎസ്പി സജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങളും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നു പൊലീസ് അറിയിച്ചു. അമ്മ: കാവേരി. അച്ഛൻ: വെങ്കിടാചലം. സഹോദരങ്ങൾ: മണികണ്ഠൻ, മലർ, സെൽവി, ചിന്നയ്യ.
Woman found dead under mysterious circumstances in rented house husband in police custody
































