വഞ്ചിയൂർ: ( www.truevisionnews.com ) വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. ചോറ്റാനിക്കര തിരുവാങ്കുളം സസ് ഫോർച്യൂൺ അപ്പാർട്ട്‌മെന്റിൽ രാകേഷ് രാമചന്ദ്രനെയാണ് (40) പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പെരുന്താന്നി സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്.
മാട്രിമോണി സൈറ്റിൽനിന്ന് യുവതിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച പ്രതി അവരുമായി സൗഹൃദത്തിലാവുകയും വിവാഹ വാഗ്‌ദാനം നൽകിയും വിദേശത്ത് ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചുമാണ് പണം തട്ടിയത്.
2024 മുതൽ വിവിധ ഘട്ടങ്ങളിലായി 20 ലക്ഷം രൂപ കൈക്കലാക്കി. പരാതിയിൽ പേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിലായി. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ഫഹീം അഹമ്മദിനെയാണ് (23) തൃശ്ശൂര്‍ റൂറല്‍ പൊലീസ് തലശ്ശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
യുവതിയുമായി സ്‌നേഹബന്ധം സ്ഥാപിച്ച പ്രതി, പിന്നീട് സ്വര്‍ണം നല്‍കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കുകയും യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2026 ജനുവരിയില്‍ ഒരു പവന്‍റെ ബ്രേസ്‌ലെറ്റ്, അര പവന്‍റെ മറ്റൊരു ബ്രേസ്‌ലെറ്റ്, രണ്ടര ഗ്രാമിന്‍റെ പാദസരം എന്നിവയും പ്രതി തട്ടിയെടുത്തു. വിവിധ ഘട്ടങ്ങളിലായി 6,80,000 രൂപ വിലവരുന്ന ഏകദേശം അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങളാണ് പ്രതി തട്ടിയെടുത്തത്.
Man arrested for defrauding woman of money by promising marriage through matrimony site

































