---
title: "സന്തോഷ് നായരുടെ വിയോഗത്തിൽ അലറിക്കരഞ്ഞ ആ വയോധികൻ ആര്?; വൈറൽ വിഡിയോയുടെ സത്യാവസ്ഥയുമായി യഥാർത്ഥ ജോലിക്കാരൻ"
english_title: "Real employee confirms the truth behind viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358386/real-employee-confirms-the-truth-behind-viral-video"
published_at: "2026-05-09T14:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fef9fcc8047_Real_employee_confirms_the_truth_behind_viral_video.jpg"
keywords: []
---

# സന്തോഷ് നായരുടെ വിയോഗത്തിൽ അലറിക്കരഞ്ഞ ആ വയോധികൻ ആര്?; വൈറൽ വിഡിയോയുടെ സത്യാവസ്ഥയുമായി യഥാർത്ഥ ജോലിക്കാരൻ

> **Lead Summary:** നടൻ സന്തോഷ് നായരുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വികാരാധീനനായി പൊട്ടിക്കരയുന്ന ഒരു വയോധികന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഈ വ്യക്തി സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരനാണെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. അവിടെയുണ്ടായിരുന്നവർ പോലും അത്തരത്തിലാണ് കരുതിയിരുന്നത്.

## Article Content

നടൻ സന്തോഷ് നായരുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വികാരാധീനനായി പൊട്ടിക്കരയുന്ന ഒരു വയോധികന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഈ വ്യക്തി സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരനാണെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. അവിടെയുണ്ടായിരുന്നവർ പോലും അത്തരത്തിലാണ് കരുതിയിരുന്നത്.

എന്നാൽ, ഈ പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് സന്തോഷ് നായരുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിഡിയോയിലുള്ള വ്യക്തി അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരനല്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ യാഥാർഥ്യമില്ലെന്നുമാണ് കുടുംബം അറിയിക്കുന്നത്.

ഈ വയോധികൻ അയൽപക്കത്തെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണെന്നും സന്തോഷ് നായർ വഴിയിൽ വച്ച് കാണുമ്പോൾ കാണിക്കുന്ന സ്നേഹപൂർണ്ണമായ ഒരു പരിചയം മാത്രമാണ് ഇവർ തമ്മിലുള്ളതെന്നും സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരൻ വ്യക്തമാക്കി. കാണുന്നവരോടെല്ലാം വളരെ സ്നേഹത്തോടെ മാത്രം ഇടപെടുന്ന സ്വഭാവമായിരുന്നു സന്തോഷിന്റേതെന്നും ആ ഒരു പരിചയമാണ് ആ വയോധികന്റെ വൈകാരിക പ്രതികരണത്തിനു കാരണമെന്നും ജോലിക്കാരൻ വെളിപ്പെടുത്തുന്നു. ഇക്കാര്യം സന്തോഷ് നായരുടെ ഭാര്യയോടും മകളോടും ചോദിച്ചാൽ ആർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘‘അയാൾ ഈ വീട്ടിൽ ജോലി ചെയ്യുന്ന ആളല്ല, ഈ വീട്ടിൽ വർഷങ്ങളായി ജോലി ചെയ്യുന്നത് ഞാനാണ്. ഗേറ്റിന്റെ താക്കോൽ ഉൾപ്പടെ എന്റെ കയ്യിലാണ്. അയാൾ അടുത്ത വീട്ടിൽ ജോലി ചെയ്തിരുന്ന ആളാണ്‌. സന്തോഷേട്ടൻ കാണുമ്പോൾ കണ്ടു കൈ കാണിക്കുന്ന പരിചയം ഉണ്ട്. സന്തോഷേട്ടന്റെ ഭാര്യയോടും മോളോടും ചോദിച്ചാൽ അറിയാം. സന്തോഷേട്ടൻ കാണുന്നവരോട് സ്നേഹത്തോടെ ഇടപെടുന്ന ആളാണ്‌. ആ ഒരു പരിചയത്തിൽ അയാൾ അവിടെ വന്നു കരഞ്ഞപ്പോൾ ചാനലുകാർ വിഡിയോ എടുത്ത് വൈറൽ ആക്കിയതാണ്.’’– ജോലിക്കാരന്റെ വാക്കുകൾ.

മലയാള ചലച്ചിത്ര രംഗത്ത് വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ശ്രദ്ധേയനായിരുന്ന സന്തോഷ് നായർ 2026 മെയ് 5-ന് പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്തരിച്ചത്. 1982-ൽ പുറത്തിറങ്ങിയ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ അദ്ദേഹം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം എംജി കോളേജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്ന സന്തോഷ് നായർ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നീ നിലകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ചു. 'മോഹിനിയാട്ടം' എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/358386/real-employee-confirms-the-truth-behind-viral-video)