കോട്ടയം: ( www.truevisionnews.com ) കേരളത്തിലെ യുഡിഎഫിന്റെ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചിലരൊക്കെ അവകാശപ്പെടുന്നത് അവരുടെ മിടുക്ക് കൊണ്ടാണ് ഈ വിജയമുണ്ടായതെന്നാണ്. ഒരിക്കലുമല്ല, ജനങ്ങൾ പൊറുതിമുട്ടി. ഒരു മാറ്റംവരാൻ ചെയ്ത വോട്ടാണ്. അത് കോൺഗ്രസിനും യുഡിഎഫിനും പ്രതിഫലിച്ചു എന്നേയുള്ളൂവെന്നും അദ്ദേഹം പെരുന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂരും തളിപ്പറമ്പും എല്ലാം സിപിഎം തോൽക്കണമെങ്കിൽ അത്രത്തോളം മോശകരമായ അവസ്ഥയായിരുന്നു സിപിഎമ്മിനകത്ത് ആഭ്യന്തരപ്രശ്നങ്ങൾ അടക്കം ബാധിച്ചു ചുമ്മാതെ നിന്ന ആളുകൾ പോലും പലരും ജയിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും യാതൊരു വിരോധവുമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്നേയുള്ളൂ. ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നില്ല. ഇക്കാര്യമെല്ലാം സാധാരണ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ തീരുമാനിക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.
മുഖ്യമന്ത്രിയാകുന്നത് വി.ഡി. സതീശനാണെങ്കിലോ എന്ന ചോദ്യത്തിന് അത് കോൺഗ്രസിന്റെ തീരുമാനമല്ലേ, അത് സ്വീകരിച്ചല്ലേ പറ്റൂ എന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി. തിരഞ്ഞെടുപ്പിൽ സമദൂര നിലപാടായിരുന്നു. വി.ഡി. സതീശനോടുള്ള ചില വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആ വിയോജിപ്പ് ഇപ്പോഴുമുണ്ട്. അത് തിരുത്താൻ താൻ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാരിനോട് തങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ ആവശ്യപ്പെടുകയല്ലാതെ, അനാവശ്യമായി സ്ഥാനമാനങ്ങളോ, അനധികൃതമായി എന്തെങ്കിലുമോ നേടിയെടുക്കാൻ താത്പര്യമില്ല. ഇതുവരെ നേടിയെടുത്തുമിട്ടില്ല. എന്തെങ്കിലും നേടിയെടുത്തെങ്കിൽ അത് അവർ ചെയ്യാത്തതിനാൽ കോടതിയിൽ പോയി നേടിയെടുത്തതാണ്.
ജനങ്ങളുടെ മനസിൽ തിരിച്ചുപിടിക്കണമെന്ന് തോന്നിയപ്പോൾ അവർ വോട്ട്‌ചെയ്തു. വേറെ ആരുമില്ലാത്തതിനാൽ അത് കോൺഗ്രസിന് കിട്ടി. മന്ത്രിമാർ തോറ്റതെല്ലാം ആ വികാരത്തിൽ അടിച്ചുപോയതാണ്. മന്ത്രി ഗണേഷ്‌കുമാർ പരാജയപ്പെട്ട പത്തനാപുരത്തും നായന്മാർ സമദൂരത്തിൽ വോട്ട് ചെയ്യാനാണ് പറഞ്ഞത്. ജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോ ഇവിടെനിന്ന് നിർദേശിച്ചിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
g sukumaran nair on udf victory in kerala



























