പത്തനംതിട്ട: ( www.truevisionnews.com) നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
തിരുവല്ല, റാന്നി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, ആറന്മുള, അടൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം, കോന്നി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മലയാലപ്പുഴ മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ് നാല്, അഞ്ച് തീയതികളിലാണ് അവധി. പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ്റേതാണ് ഉത്തരവ്.
മറ്റന്നാള്‍ ആണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം. വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും.
പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം.
രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.
വോട്ടെണ്ണൽ നടക്കാനിരിക്കെ പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടേതാണ് ഉത്തരവ്.
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെയും ഫലപ്രഖ്യാപനത്തിന്റെയും ഭാഗമായി ജില്ലയിൽ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
Holiday for educational institutions in Pathanamthitta district for counting of votes in assembly elections


































