---
title: "ഇത് തമാശ പറയേണ്ട വിഷയമല്ല, നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് കാണാതിരിക്കുന്നതെങ്കിൽ നിങ്ങൾക്കൊരു നെഞ്ചിടിപ്പ് ഉണ്ടാകില്ലേ?  കോഴിക്കോട് ബീച്ചിൽ ചുട്ട മറുപടി നല്‍കി ടൊവിനോ"
english_title: "Tovino gives a scathing reply to the complaint that his children are missing during the promotion of the movie 'Athiradi' at Kozhikode beach"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356854/tovino-gives-a-scathing-reply-to-the-complaint-that-his-children-are-missing-during-the-promotion-of-the-movie-athiradi-at-kozhikode-beach-new"
published_at: "2026-05-02T15:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5c616bcceb_tobino.jpg"
keywords: []
---

# ഇത് തമാശ പറയേണ്ട വിഷയമല്ല, നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് കാണാതിരിക്കുന്നതെങ്കിൽ നിങ്ങൾക്കൊരു നെഞ്ചിടിപ്പ് ഉണ്ടാകില്ലേ?  കോഴിക്കോട് ബീച്ചിൽ ചുട്ട മറുപടി നല്‍കി ടൊവിനോ

> **Lead Summary:** **(https://moviemax.in/**)ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിച്ചെത്തി കോഴിക്കോട് ബീച്ചിൽ നടന്ന 'അതിരടി' സിനിമയുടെ പ്രമോഷൻ ഇവന്റിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏതാനും കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നത് പരിഭ്രാന്തി പരത്തി.

## Article Content

**(https://moviemax.in/**)ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിച്ചെത്തി കോഴിക്കോട് ബീച്ചിൽ നടന്ന 'അതിരടി' സിനിമയുടെ പ്രമോഷൻ ഇവന്റിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏതാനും കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നത് പരിഭ്രാന്തി പരത്തി.

അവരുടെ മാതാപിതാക്കൾ ഈ ആശങ്ക സിനിമയുടെ അണിയറ പ്രവർത്തകരോട് പങ്കുവച്ചതോടെ അവതാരകയായ രഞ്ജിനി ഹരിദാസ് ഇടപെടുകയായിരുന്നു. കാണാതായ കുട്ടികളുടെ പേര് രഞ്ജിനി വിളിച്ചു പറയുമ്പോഴും കാണികളിൽ ചിലർ കൂവി വിളിച്ച് ബഹളം വച്ചു. നടന്മാർക്കൊപ്പം സെൽഫി എടുക്കണമെന്നു പറഞ്ഞായിരുന്നു ബഹളം. ഒച്ച വയ്ക്കുന്നത് കുറയ്ക്കണമെന്നും മൈക്കിലൂടെ പറയുന്നത് കേൾക്കാനാകില്ലെന്നും കാണികളോടു ടൊവിനോ പറയുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.

കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ടൊവിനോ പെട്ടന്നു തന്നെ രഞ്ജിനിയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി, ‘സുഹൃത്തുക്കളെ കുട്ടികളെ കാണാനില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്’ എന്ന് മുന്നറിയിപ്പ് നൽകുന്നു. തുടർന്ന് രഞ്ജിനി മൈക്കിലൂടെ കുട്ടികളുടെ പേരുകൾ അടക്കം വിളിച്ചു പറഞ്ഞു. അതിനുശേഷം ടൊവിനോയാണ് കാര്യങ്ങൾ ഏറ്റെടുത്തത്.

‘‘പ്രിയപ്പെട്ടവരെ ഷേക്ക് ഹാൻഡ് തരാം, ഫോട്ടോ എടുക്കാം, എല്ലാം ചെയ്യാം, നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് കാണാതിരിക്കുന്നതെങ്കിൽ നിങ്ങൾക്കൊരു നെഞ്ചിടിപ്പ് ഉണ്ടാകില്ലേ, ഒന്നു പറഞ്ഞോട്ടേ പ്ലീസ്, ഈ പേര് വിളിച്ചു പറഞ്ഞ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ സ്റ്റേജിലേക്കു വരിക’’, കാണികളോടായി ആർക്കെങ്കിലും ഇവരെ കണ്ട് കിട്ടിയാൽ സ്റ്റേജിൽ ബന്ധപ്പെടാൻ പറയുന്നിതിനിടക്ക് കാണികളിൽ നിന്നും കുറച്ചുപേര്‍ ‘കാണാതായവർ ഇവിടെയുണ്ട്’ എന്ന് ടൊവിനോയോട് വിളിച്ചു പറയുന്നു. എന്നാൽ അത് കളിയായി പറഞ്ഞതാണെന്ന് നടന് മനസ്സിലാകുന്നു.

‘‘ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ മനസ്സിലാക്കൂ, കുട്ടികളെ കിട്ടുന്നതുവരെ അവരുടെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല, നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവായി എല്ലാവരും സഹകരിച്ച് ആ കുട്ടികളെ കണ്ടുപിടിക്കൂ.’’–ടൊവിനോ മറുപടിയായി പറഞ്ഞു.

വിഡിയോ വൈറലായതോടെ ടൊവിനോ തോമസിനെയും രഞ്ജിനി ഹരിദാസിനെയും പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്. അതേസമയം ഇങ്ങനെയൊരു സാഹചര്യത്തിലും ഒച്ചവച്ച് ബഹളം വച്ച ആളുകൾക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യങ്ങളിൽ ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356854/tovino-gives-a-scathing-reply-to-the-complaint-that-his-children-are-missing-during-the-promotion-of-the-movie-athiradi-at-kozhikode-beach-new)