പന്തീരാങ്കാവ് (കോഴിക്കോട്): ( www.truevisionnews.com ) പട്ടാപ്പകൽ സ്വർണവളകൾ വാങ്ങാനെന്ന രീതിയിൽ വന്ന യുവാവ് വളകൾ മോഷ്ടിച്ച് പുറത്ത് കാത്തുനിന്ന ഇരുചക്രവാഹനത്തിൽക്കയറി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പന്തീരാങ്കാവ് അങ്ങാടിയിലെ ഫാഷൻ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മുഖത്ത് മാസ്ക് വെച്ച യുവാവ് ജ്വല്ലറിക്കകത്ത് കയറിയ ശേഷം ഉടമയോട് വള ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് വിവിധ അളവിലുള്ള നാല് വളകൾ കൈയിൽ ലഭിച്ചതോടെ യുവാവ് മൊബൈലിൽ മറ്റാരേയോ വീഡിയോകോൾ ചെയ്ത് വള കാണിച്ചുകൊടുത്തു. കട ഉടമയുടെ ശ്രദ്ധ തിരിഞ്ഞനിമിഷം യുവാവ് നാലു വളകളുമായി കടയിൽനിന്ന് ഓടി പുറത്തിറങ്ങി. റോഡരികിൽ കാത്തിരുന്ന സ്കൂട്ടറിന് പുറകിൽ ക്കയറി അതിവേഗത്തിൽ പന്തീരാങ്കാവ് ബൈപ്പാസ് വഴി രക്ഷപ്പെട്ടു.
കടയുടമ ബഹളം വെച്ചതോടെ പരിസരത്തുണ്ടായിരുന്നവർ വാഹനങ്ങളിൽ മോഷ്ടാക്കളെ ഏറെദൂരം പിന്തുടർന്നെങ്കിലും നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.
രണ്ടര ലക്ഷത്തിലേറെ രൂപ വില വരുന്ന 17 ഗ്രാം തൂക്കം വരുന്ന സ്വർണവളകളാണ് മോഷണം പോയത്. മോഷണത്തെത്തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അഷറഫ്, ഫൈസൽ എന്നിവരാണ് ജ്വല്ലറി ഉടമകൾ. പന്തീരാങ്കാവ്, പുവ്വാട്ടുപറമ്പ്, പെരുമണ്ണ എന്നിവിടങ്ങളിലെ മറ്റു ജ്വല്ലറികളിലും വ്യാഴാഴ്ച തന്നെ മോഷണശ്രമം നടന്നതായി പോലീസ് പറഞ്ഞു. മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.
gold theft kozhikode pantheerankavu jewelry shop
































