തൃശൂർ: (https://truevisionnews.com/) മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ പരിക്കേറ്റ കരാറുകാരൻ സതീഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ് എന്നിവരുൾപ്പെടെ നാലുപേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇതിൽ വിഷ്ണുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. പരിക്കേറ്റ മറ്റു ആറുപേരുടെ നില തൃപ്തികരമായതിനാൽ അവരെ വാർഡുകളിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ ഇവരെ ഡിസ്ചാർജ് ചെയ്തേക്കും.
തൃശൂർ പൂരം ഭംഗിയായി നടത്തണമെന്നതാണ് ജനവികാരമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. ഇന്നലെ ചേർന്ന പാറമേക്കാവ് ഭരണസമിതി, ആഘോഷ കമ്മിറ്റി യോഗങ്ങളിൽ പൂരം നടത്തണമെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
"സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന വെടിക്കെട്ട് നടത്തണം. രണ്ടുമാസമായി തയ്യാറാക്കിവെച്ച വെടിമരുന്ന് ഒഴിവാക്കാനാകില്ല. 2006-ൽ അപകടമുണ്ടായപ്പോഴും പൂരം നടന്നിരുന്നു. ഇപ്പോൾ പൂരത്തെ തകർക്കാൻ ശ്രമമുണ്ടോ എന്ന് സംശയമുണ്ട്," രാജേഷ് കൂട്ടിച്ചേർത്തു. ഈ നിലപാട് ഇന്നത്തെ യോഗത്തിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്ത നടപടി തെറ്റാണെന്നും അതിൽ നിന്ന് പാലക്കാട് കമ്മീഷണറും ജില്ലാ കളക്ടറും പിന്മാറണമെന്നും ജി. രാജേഷ് ആവശ്യപ്പെട്ടു. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 21-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിന്റെ സാമ്പിൾ, പ്രധാന വെടിക്കെട്ടുകൾക്കായി കരുതിയിരുന്ന കരിമരുന്നാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അപകടദിവസം തന്നെ 13 പേർ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന പ്രവീൺ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 14 ആയി ഉയർന്നു.
Mundathikode accident: Licensee Satheesh's condition remains critical

































