---
title: "റിലീസിന് മുന്‍പ് 'ദൃശ്യം 3' ന് അപ്രതീക്ഷിത പ്രതിസന്ധി; ഒടിടി കരാറിന് താല്‍ക്കാലിക വിലക്ക്"
english_title: " Drishyam 3 faces unexpected crisis before release OTT deal temporarily banned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354875/drishyam-3-faces-unexpected-crisis-before-release-ott-deal-temporarily-banned"
published_at: "2026-04-22T22:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8fc3cce485_drishyam_3.jpg"
keywords: []
---

# റിലീസിന് മുന്‍പ് 'ദൃശ്യം 3' ന് അപ്രതീക്ഷിത പ്രതിസന്ധി; ഒടിടി കരാറിന് താല്‍ക്കാലിക വിലക്ക്

> **Lead Summary:** **മോ**ഹൻലാൽ നായകനാകുന്ന ‘ദൃശ്യം 3’ ഡിജിറ്റൽ അവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർമ്മാണ കമ്പനിയായ ആശീർവാദ് സിനിമാസിന് ഡൽഹി ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (ആമസോൺ പ്രൈം വിഡിയോ) നൽകിയ ഹർജിയിലാണ് കോടതി നടപടി.

## Article Content

**മോ**ഹൻലാൽ നായകനാകുന്ന ‘ദൃശ്യം 3’ ഡിജിറ്റൽ അവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർമ്മാണ കമ്പനിയായ ആശീർവാദ് സിനിമാസിന് ഡൽഹി ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (ആമസോൺ പ്രൈം വിഡിയോ) നൽകിയ ഹർജിയിലാണ് കോടതി നടപടി.

ചിത്രത്തിന്റെ ഒടിടി (OTT) അവകാശങ്ങളുമായി ബന്ധപ്പെട്ട് മൂന്നാം കക്ഷികളുമായി യാതൊരുവിധ കരാറുകളിലും ഏർപ്പെടരുതെന്ന് ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ ഉത്തരവിട്ടു. മേയ് 15 വരെയാണ് നിലവിൽ കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ 20-ന് നടന്ന വാദം കേൾക്കലിന് പിന്നാലെയാണ് ഈ താൽക്കാലിക സംരക്ഷണം കോടതി ആമസോണിന് നൽകിയത്. ‘ദൃശ്യം 3’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനും ഡബ്ബ് ചെയ്ത പതിപ്പുകൾക്കും ഹിന്ദി റീമേക്കിനും ഈ വിലക്ക് ബാധകമാണ്.

ആമസോൺ പ്രൈം വിഡിയോയും ആശീർവാദ് സിനിമാസും തമ്മിലുള്ള 2020-ലെ മാസ്റ്റർ വിഡിയോ ലൈസൻസ് കരാറാണ് തർക്കത്തിന് അടിസ്ഥാനം. ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾ വാങ്ങുന്നതിന് ആമസോണിന് മുൻഗണന നൽകുന്ന (Right to Match) വകുപ്പ് കരാറിലുണ്ട്.

മൂന്നാം കക്ഷികളിൽ നിന്ന് ലഭിക്കുന്ന ഓഫറുകൾ ആമസോണിനെ അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ചർച്ചകൾക്കിടെ ആശീർവാദ് സിനിമാസ് ഏകപക്ഷീയമായി കരാർ അവസാനിപ്പിച്ച് മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ചർച്ച നടത്തിയതാണ് ആമസോണിനെ കോടതിയിലേക്ക് എത്തിച്ചത്. കോടതി വിധി വരുന്നത് വരെ ഡിജിറ്റൽ അവകാശങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമെങ്കിലും, ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും തിരിച്ചുവരവിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/354875/drishyam-3-faces-unexpected-crisis-before-release-ott-deal-temporarily-banned)