---
title: "'പാട്ടിലല്ല, അഭിനയത്തിലാണ് ശ്രദ്ധ'; സ്റ്റേജിൽ തലയിലൂടെ വെള്ളമൊഴിച്ച് ജാസ്മിൻ സാൻഡ്‌ലാസ്, ഗായികയ്‌ക്കെതിരെ വിമർശനം"
english_title: "'Focus on acting, not singing'; Jasmine Sandlas pours water over her head on stage, drawing criticism from singer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354845/focus-on-acting-not-singing-jasmine-sandlas-pours-water-over-her-head-on-stage-drawing-criticism-from-singer"
published_at: "2026-04-22T17:28:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8b83a62093_rfdet.jpg"
keywords: []
---

# 'പാട്ടിലല്ല, അഭിനയത്തിലാണ് ശ്രദ്ധ'; സ്റ്റേജിൽ തലയിലൂടെ വെള്ളമൊഴിച്ച് ജാസ്മിൻ സാൻഡ്‌ലാസ്, ഗായികയ്‌ക്കെതിരെ വിമർശനം

> **Lead Summary:** **[** ബോളിവുഡ് ഗായിക ജാസ്മിൻ സാൻഡ്‌ലാസിന്റെ അഹമ്മദാബാദിലെ ലൈവ് കോൺസെർട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സ്റ്റേജിലെ ഗായികയുടെ അസ്വാഭാവികമായ പ്രകടനമാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

## Article Content

**[** ബോളിവുഡ് ഗായിക ജാസ്മിൻ സാൻഡ്‌ലാസിന്റെ അഹമ്മദാബാദിലെ ലൈവ് കോൺസെർട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സ്റ്റേജിലെ ഗായികയുടെ അസ്വാഭാവികമായ പ്രകടനമാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ ഗാനമാലപിക്കുന്നതിനിടെ ജാസ്മിൻ സ്വന്തം തലയിലൂടെ വെള്ളമൊഴിക്കുകയായിരുന്നു. ഗായികയുടെ ഈ പ്രകടനം അതിരുകടന്നുപോയെന്നും അനാവശ്യമായ ഷോ ആണെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിമർശനം. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ നിലവിൽ വലിയ ജനപ്രീതി നേടിനിൽക്കുകയാണ് ജാസ്മിൻ.

ഏപ്രിൽ 19ന് നടന്ന പരിപാടിയിൽ തന്‍റെ ഹിറ്റ് ഗാനമായ 'ശരാരത്' പാടുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രകടനം ആവേശമായതോടെ ജാസ്മിൻ മൈക്ക് താഴ്ത്തിവെക്കുകയും എന്നാൽ പാട്ട് പശ്ചാത്തലത്തിൽ കൃത്യമായി തുടരുകയും ചെയ്തു. ഇത് ഗായിക വെറും 'ലിപ് സിങ്കിംഗ്' (ചുണ്ടനക്കം) മാത്രമാണ് നടത്തുന്നതെന്നും തത്സമയം പാടുന്നില്ലെന്നുമുള്ള ആരോപണത്തിന് ബലമേകി. ലൈവ് കോൺസെർട്ടിന് ടിക്കറ്റെടുത്ത് എത്തുന്നവരെ കബളിപ്പിക്കുകയാണെന്നും പാടുന്നതിനേക്കാൾ കൂടുതൽ അഭിനയിക്കാനാണ് ജാസ്മിൻ താല്പര്യപ്പെടുന്നതെന്നും സോഷ്യൽ മീഡിയയിൽ കമന്‍റുകൾ നിറയുകയാണ്.

> ഗായികയുടെ വേഷവിധാനത്തെയും സ്റ്റേജിലെ പെരുമാറ്റത്തെയും പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. "രണ്ട് പാട്ടുകൾ ഹിറ്റായതോടെ ഓവറാക്ടിംഗ് കൂടിപ്പോയി" എന്നും "വെള്ളം പോരാഞ്ഞാണോ പാടാത്തത്" എന്നും തുടങ്ങുന്ന പരിഹാസങ്ങളാണ് ഇൻസ്റ്റാഗ്രാമിലും എക്സിലും (ട്വിറ്റർ) വരുന്നത്. എന്നാൽ ജാസ്മിന്‍റെ സ്റ്റേജ് എനർജിയെയും പ്രകടനത്തെയും പിന്തുണച്ചും ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സൽമാൻ ഖാൻ ചിത്രം 'കിക്ക്' എന്ന സിനിമയിലെ 'യാർ നാ മിലേ' എന്ന ഗാനത്തിലൂടെയാണ് ജാസ്മിൻ ബോളിവുഡിൽ ശ്രദ്ധേയയായത്.

[A post shared by @exclusive.celebs](https://www.instagram.com/reel/DXUr2qriEoz/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/354845/focus-on-acting-not-singing-jasmine-sandlas-pours-water-over-her-head-on-stage-drawing-criticism-from-singer)