---
title: "ആ പേര് വില്ലന് വേണ്ട! 'പേട്രിയറ്റി'ന് സെൻസർ ബോർഡിന്റെ പിടിവീണു; റീ എഡിറ്റിംഗ് പൂര്‍ത്തിയായി"
english_title: "The villain doesn't want that name! 'Patriot' gets censored by the censor board; re-editing completed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354842/the-villain-doesnt-want-that-name-patriot-gets-censored-by-the-censor-board-re-editing-completed"
published_at: "2026-04-22T17:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8b6ce9e573_setwr.jpg"
keywords: []
---

# ആ പേര് വില്ലന് വേണ്ട! 'പേട്രിയറ്റി'ന് സെൻസർ ബോർഡിന്റെ പിടിവീണു; റീ എഡിറ്റിംഗ് പൂര്‍ത്തിയായി

> **Lead Summary:** **[** മലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. മമ്മൂട്ടിയും മോഹൻലാലും നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രത്തിന് മുന്നിൽ ഇപ്പോൾ പുതിയൊരു തടസ്സം നേരിട്ടിരിക്കുകയാണ്. മെയ് 1-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.

## Article Content

**[** മലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. മമ്മൂട്ടിയും മോഹൻലാലും നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രത്തിന് മുന്നിൽ ഇപ്പോൾ പുതിയൊരു തടസ്സം നേരിട്ടിരിക്കുകയാണ്. മെയ് 1-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.

മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ തിയറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്' ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും ചർച്ചകളിലൂടെ അത് പരിഹരിച്ചിരുന്നു.

 സെൻസർ ബോർഡിൽ നിന്നുള്ള ചില തടസ്സങ്ങൾ കാരണമാണ് ഇപ്പോൾ റിലീസിന് വെല്ലുവിളി ഉയർന്നിരിക്കുന്നത്. ഇത് പരിഹരിച്ച് നിശ്ചയിച്ച തീയതിയിൽ തന്നെ ചിത്രം എത്തുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാവാന്‍ സാധ്യതയുള്ളതിനാല്‍ അവ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. ചിത്രത്തിലെ വില്ലന്‍റെ പേരിന് ഒരു രാഷ്ട്രീയ നേതാവിന്‍റെ മകന്‍റെ പേരുമായി സാമ്യമുള്ളതിനാല്‍ ആ പേര് മാറ്റാനും സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചതായാണ് സൂചന.

ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് ചിത്രം റീ എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ചിത്രത്തിന്‍റെ റീ എഡിറ്റിംഗ് കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് അണിയറക്കാര്‍. ഈ മാറ്റങ്ങളോടെയാവും ചിത്രം മെയ് 1 ന് തിയറ്ററുകളില്‍ എത്തുക.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ഡോ. ഡാനിയേല്‍ ജെയിംസ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാല്‍ കേണല്‍ റഹിം നായിക് ആയും ഫഹദ് ശക്തിയായും കുഞ്ചാക്കോ ബോബന്‍ മൈക്കള്‍ ദൈവസ്സിയായും എത്തുന്നു. രാജീവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അതേസമയം കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ മറ്റൊരു ബിഗ് ബജറ്റ് ചിത്രം വിവാദത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം റീ സെന്‍സര്‍ ചെയ്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ആയിരുന്നു അത്. വില്ലന്‍റെ പേര് ആയിരുന്നു അവിടെയും പ്രധാന പ്രശ്നം. ബാബ ബജ്റംഗി എന്നായിരുന്നു ചിത്രത്തിലെ പ്രതിനായകന്‍റെ പേര്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ബാബു ബജ്റംഗിയെ അനുസ്മരിപ്പിക്കുന്ന പേര് എന്നായിരുന്നു വിമര്‍ശനം. ഇതടക്കമുള്ള ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/354842/the-villain-doesnt-want-that-name-patriot-gets-censored-by-the-censor-board-re-editing-completed)