---
title: "'ഹൃദയഭേദകം'; മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരില്‍ സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റും; ആദരാഞ്ജലിയുമായി ജൂഡ് ആന്തണി"
english_title: "Jude Anthony pays tribute to the film's makeup artist among those killed in the Mundathikode tragedy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354846/jude-anthony-pays-tribute-to-the-films-makeup-artist-among-those-killed-in-the-mundathikode-tragedy"
published_at: "2026-04-22T17:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8bbfd544ad_jood.jpg"
keywords: []
---

# 'ഹൃദയഭേദകം'; മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരില്‍ സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റും; ആദരാഞ്ജലിയുമായി ജൂഡ് ആന്തണി

> **Lead Summary:** ** **തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ പൊലിഞ്ഞ 14 ജീവനുകളിൽ സിനിമാ മേഖലയിലുള്ളവർക്ക് സുപരിചിതനായ ബിജീഷ് ബാലനും. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ ബിജീഷ് 'തുടക്കം' ഉൾപ്പെടെയുള്ള സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

** **തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ പൊലിഞ്ഞ 14 ജീവനുകളിൽ സിനിമാ മേഖലയിലുള്ളവർക്ക് സുപരിചിതനായ ബിജീഷ് ബാലനും. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ ബിജീഷ് 'തുടക്കം' ഉൾപ്പെടെയുള്ള സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 ഫെഫ്ക ഓള്‍ കേരള മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്‍ അംഗം കൂടിയായിരുന്നു ബിജീഷ്. ഫെഫ്ക സംഘടനയും തുടക്കം സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും ബിജീഷിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്.

> “ഹൃദയഭേദകം. അദ്ദേഹം ഞങ്ങളുടെ തുടക്കം എന്ന സിനിമയുടെ ഭാഗമായിരുന്നു”, ബിജീഷ് ബാലന് ആദരാഞ്ജലി നേര്‍ന്നുള്ള ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ട് ജൂഡ് ആന്തണി ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിസ്‍മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയിട്ടുള്ള ചിത്രമാണ് തുടക്കം. ബിജീഷ് മാര്‍ഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമ്മാണശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാ​ഗങ്ങളൊന്നും കണ്ടെത്താനായില്ല.

ചില വസ്തുക്കൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറൻസിക് എടുത്ത ശേഷം പൊലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം. 14 മരണം സ്ഥിരീകരിച്ചതില്‍ എട്ട് പേരെയാണ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളത്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 5 പേരുൾപ്പെടെ 13 പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/354846/jude-anthony-pays-tribute-to-the-films-makeup-artist-among-those-killed-in-the-mundathikode-tragedy)