കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 108.28 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായി. ബേപ്പൂർ തമ്പി റോഡ് സ്വദേശി അയോധ്യ ഹൗസില്‍ അമൽ (30) പയ്യാനക്കൽ പുളിക്കൽതൊടി സ്വദേശി ദിയ മിര്‍ഷ വീട്ടില്‍ ഷാഹുൽ ഹമീദ് (26 ) പെരുവണ്ണാമുഴി ആവടുക്ക സ്വദേശിനി പന്തിരുകര മീത്തൽ വീട്ടില്‍ കമ്യക റീജു(21) എന്നിവരെയാണ് അസിസ്റ്റൻറ് കമ്മീഷണർ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ചേവായൂര്‍ പോലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് ബീച്ച്, റെയില്‍വേ സ്റ്റേഷന്‍, പുതിയ സ്റ്റാന്‍റ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വില്പന നടത്തുന്ന ഇവര്‍ കുറച്ചു ദിവസങ്ങളായി ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ തമ്പടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇരിങ്ങാടന്‍ പള്ളിയിൽ ഉള്ള ടോക്യോസ് എന്ന ലോഡ്ജിൽ വെച്ച് പ്രതികള്‍ പിടിയിലായത്.
കോളേജ് അവധിക്കാലവും മറ്റും, കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച എംഡിഎംഎ ആണ് പോലീസ് കണ്ടെടുത്തത്.
പ്രതിയായ അമൽ മുൻപും എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. അയാളുടെ പേരിൽ മാറാട് ,ബേപ്പൂര്‍, പന്നിയങ്കര, മെഡിക്കല്‍ കോളേജ്, നല്ലളം പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, പൊതു സ്ഥലത്ത് ഇരുന്ന് മദ്യം കഴിച്ചതിനും, മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ യുവതികളുടെ പേരിൽ റൂം എടുത്ത് താമസിച്ച് എംഡിഎംഎ ചെറിയ പാക്കറ്റുകൾ ആക്കി ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ചേവായൂര്‍ പോലീസ് പരിശോധിച്ചു വരികയാണെന്നും, ഇവരിൽ നിന്ന് മറ്റു ലഹരി വില്പനക്കാരുടെ വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും, ചേവായൂര്‍ പോലീസ് അവരെ നിരീക്ഷിച്ചു വരികയാണെന്നും പറഞ്ഞു.
ഡാൻസാഫ് എസ് ഐ മനോജ് എടയടത്ത്, എഎസ്ഐ അഖിലേഷ് കെ, എസ് പി ഓ സുനോജ്, സിപിഓ സരുൺകുമാർ, ദിനീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത് ചേവായൂർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഏലിയാസ് വി. കെ, ബിജു. എ വി, എ എസ് ഐ മാരായ, ജമീല ഇ, ജയശ്രീ എം.വി , സിപിഓമാരായ ശ്രുതി. പി, ഫസൽ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.
mdma possession for sale three arrested woman included

































