---
title: "‘സുമതി വളവ്’ തകർത്ത ജീവിതം; ഏഴ് കോടിയുടെ നഷ്ടം, ചതിക്കപ്പെട്ടെന്ന് നിർമാതാവ് മുരളി കുന്നുംപുറത്ത്"
english_title: "'Sumati Valav' producer Murali Kunnumpurat says he was cheated"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354804/sumati-valav-producer-murali-kunnumpurat-says-he-was-cheated"
published_at: "2026-04-22T14:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8914a83aa5_15.jpg"
keywords: []
---

# ‘സുമതി വളവ്’ തകർത്ത ജീവിതം; ഏഴ് കോടിയുടെ നഷ്ടം, ചതിക്കപ്പെട്ടെന്ന് നിർമാതാവ് മുരളി കുന്നുംപുറത്ത്

> **Lead Summary:** **[ **പ്രശസ്ത സിനിമാ നിർമാതാവ് മുരളി കുന്നുംപുറത്ത് പങ്കുവെച്ച വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താൻ നിർമിച്ച സിനിമകൾ വഴി കോടികളുടെ നഷ്ടമുണ്ടായെന്നും ജീവിതം പ്രതിസന്ധിയിലായെന്നും അദ്ദേഹം വീഡിയോയിലൂടെ വെളിപ്പെടുത്തി.

## Article Content

**[ **പ്രശസ്ത സിനിമാ നിർമാതാവ് മുരളി കുന്നുംപുറത്ത് പങ്കുവെച്ച വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താൻ നിർമിച്ച സിനിമകൾ വഴി കോടികളുടെ നഷ്ടമുണ്ടായെന്നും ജീവിതം പ്രതിസന്ധിയിലായെന്നും അദ്ദേഹം വീഡിയോയിലൂടെ വെളിപ്പെടുത്തി.

ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ മുരളി, തുടർന്ന് നിർമിച്ച ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ എന്നീ സിനിമകൾ തനിക്ക് വരുത്തിവെച്ച കനത്ത സാമ്പത്തിക ബാധ്യതകളെക്കുറിച്ചാണ് മനസ്സ് തുറന്നത്.

തന്റെ ബിസിനസ് മേഖലയിലെ ചതിക്കുഴികൾക്ക് പുറമെ സിനിമയിലെ ചില വ്യക്തികൾ തന്നെ തെറ്റിദ്ധരിപ്പിച്ചതായും അദ്ദേഹം ആരോപിക്കുന്നു. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ സംവിധായകരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവരും ‘സുമതി വളവ്’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരും തന്നെ ചതിച്ചതായാണ് മുരളി പറയുന്നത്.

‘സുമതി വളവ്’ എന്ന ചിത്രം പുറമെ വലിയ വിജയമാണെന്ന് തോന്നിക്കുമെങ്കിലും ആ സിനിമ കാരണം ഏഴുകോടി രൂപയുടെ നഷ്ടം തനിക്കുണ്ടായെന്നും ഇത് താങ്ങാനാവുന്നില്ലെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.

കടക്കെണിയും ചതികളും കാരണം തന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും കടക്കാർ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

മരിക്കാൻ പോലും പേടിയാണെന്നും എന്നാൽ മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയിലാണെന്നും പറയുന്ന അദ്ദേഹം, താൻ നേരിടുന്ന ഈ ദുരവസ്ഥയ്ക്ക് കാരണമായവർക്ക് ദൈവം മാപ്പ് നൽകില്ലെന്നും കൂട്ടിച്ചേർത്തു.

സിനിമയിലെ വർണ്ണാഭമായ ലോകത്തിന് പിന്നിലെ കടുത്ത സാമ്പത്തിക യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് മുരളി കുന്നുംപുറത്തിന്റെ ഈ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/354804/sumati-valav-producer-murali-kunnumpurat-says-he-was-cheated)