അഗളി: (https://truevisionnews.com/) അട്ടപ്പാടി പാലൂരിൽ കാട്ടാനയ്ക്ക് കാലിൽ പരിക്ക്. മയക്കുവെടിവെച്ച് ആനയെ ചികിത്സിക്കാനായെത്തിയ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡേവിഡ് ഏബ്രഹാമിനെ ആന ഓടിച്ചതിനെത്തുടർന്ന് വീണുപരിക്കേറ്റു. പരിക്ക് നിസ്സാരമാണെങ്കിലും ഡോക്ടർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. 10 വയസ്സുള്ള പിടിയാനയ്‌ക്കാണ് മുൻവശത്തെ വലതുകാലിന് പരിക്കേറ്റിരിക്കുന്നത്.
കാട്ടാനയെ മയക്കുവെടിവെക്കാൻ വെള്ളിയാഴ്ച നാലുമണിവരെ ശ്രമിച്ചെങ്കിലും കാട്ടാന കൂട്ടത്തോടൊപ്പം ചേർന്നതിനാൽ ശ്രമം തത്കാലം ഉപേക്ഷിച്ചു. ശനിയാഴ്ച രാവിലെ കാട്ടാനയെ മയക്കുവെടിവെച്ച് ചികിത്സിക്കാനുള്ള നടപടി തുടങ്ങും.
ബുധനാഴ്ച രാത്രിയാണ് കാട്ടാന പാലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പതിവ് നിരീക്ഷണത്തിനിറങ്ങിയ പുതൂർ ഫോറസ്റ്റ് ദ്രുതപ്രതികരണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ വലതുകാൽ പാദത്തിന് മുകളിലായി ചുറ്റും മുറിവുള്ളതുകൊണ്ട് മുടന്തിയാണ് റോഡ് മുറിച്ചുകടന്നത്.
മണ്ണാർക്കാട് ഡി.എഫ്.ഒ. സി. അബ്ദുൽലത്തീഫ്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് ഏബ്രഹാം, അട്ടപ്പാടി റേഞ്ചോഫീസർ എൻ. സഫീർ എന്നിവരുടെ നേതൃത്വത്തിൽ ദ്രുതപ്രതികരണ സംഘങ്ങളുടെ സഹായത്തോടെ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പാലൂർവനത്തിൽ തിരച്ചിൽ നടത്തി. രാവിലെ പത്തുമണിയോടെ താവളം കരിവടം വനമേഖലയിൽ കാട്ടാനയുള്ളതായി വിവരം ലഭിച്ചു.
കാട്ടാനയെ പടക്കംപൊട്ടിച്ച് ഓടിച്ച് നിരപ്പായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെക്കാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടറടങ്ങുന്ന സംഘത്തിനുനേരേ ആന പാഞ്ഞടുത്തത്. ഡോക്ടർ മയക്കുവെടിവെക്കാൻ ശ്രമിക്കുന്നതിനിടെ പരിക്ക് വകവെക്കാതെ കാട്ടാന പാഞ്ഞടുത്തു. പിന്നീട്, പിൻതിരിഞ്ഞോടി കൂട്ടത്തോടൊപ്പം ചേരുകയായിരുന്നു. മുറിവ് ആഴത്തിലുള്ളതാണോയെന്ന് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിലവിൽ ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അട്ടപ്പാടി റേഞ്ചോഫീസർ പറഞ്ഞു.
Doctor who came to administer anaesthetic to an injured wild elephant was chased by an elephant, who fell and got injured

































