കൊല്ലം: ( www.truevisionnews.com ) സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ആയുർ തോട്ടത്തറ സ്വദേശി ജോയൽ ജോർജ് മാത്യുവിന്റെ (32) മൃതദേഹമാണ് മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കെ അഴുകിയത്.
പൂനെയിൽ പ്രോജക്ട് മാനേജറായി ജോലി ചെയ്തിരുന്ന ജോയൽ, കഴിഞ്ഞ ദിവസം കൂട്ടുകാരോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാരത്തിനായി മൃതദേഹം അഞ്ചലിലെ സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ബോഡി അടക്കം ചെയ്യുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനായി ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് മോർച്ചറിയുടെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ബോഡി അഴുകി വീർത്ത നിലയിൽ കണ്ടത്. മൃതദേഹം പുറത്തിറക്കുന്നതിന് പോലും ബുദ്ധിമുട്ടായി. ഫ്രീസറിന്‍റ് സ്വിച്ച് ജീവനക്കാർ ഓണാക്കുവാൻ മറന്നുപോയതണ് മൃതദേഹം അഴുകാൻ കാരണമെന്നാണ് വിവരം. ചോദ്യം ചെയ്ത ബന്ധുക്കളോട് ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയുണ്ട്. നാലോ അഞ്ചോ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ഫ്രീസർ സൗകര്യം ഉണ്ടെങ്കിലും ഒട്ടുമിക്കതും കൃര്യമായി പ്രവർത്തിക്കുന്നില്ലന്നുള്ള ആരോപണവും ഉണ്ട്. ജോയൽ ജോർജ് മാത്യുവിന്‍റെ ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനാണ് ജോയലിന്‍റെ കുടുംബത്തിന്‍റെ തീരുമാനം.
Relatives complain about body of young man kept in morgue, decomposed and swollen
































