കണ്ണൂർ: ( www.truevisionnews.com ) കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുതുച്ചേരിയിലെ വോട്ടര്‍മാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഏപ്രില്‍ ഒമ്പതിന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും കാഷ്വല്‍/ദിവസവേതനക്കാര്‍ക്കും അവധിക്ക് അര്‍ഹതയുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 ബി പ്രകാരമാണ് നടപടി.
അതേസമയം കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രിൽ ഒൻപതിന് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ലേബർ കമ്മീഷണറുടേതാണ് ഉത്തരവ്.
ഐടി, പ്ലാൻ്റേഷൻ, വ്യവസായം, നിർമാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 ബി പ്രകാരമാണ് വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്. അവധിയുടെ പേരിൽ തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്താൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്.
സ്വന്തം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ദിവസവേതനക്കാർ, കരാർ തൊഴിലാളികൾ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും. അത്യാവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ തൊഴിലുടമകൾ പ്രത്യേക സൗകര്യം ഒരുക്കണം.
ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലേബർ കമ്മീഷണർ മുന്നറിയിപ്പ് നൽകി. എല്ലാ വോട്ടർമാർക്കും തടസ്സമില്ലാതെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
Puducherry Assembly Elections Paid holiday for voters in Kerala on April 9

































