---
title: "'അദ്ദേഹം വെറുമൊരു ഗ്രീൻ ഫ്ലാഗ് മാത്രമല്ല, ആരും സിമ്പതി കാണിക്കേണ്ട'; അഖിൽ മാരാർക്ക് പിന്തുണയുമായി ഭാര്യ രാജലക്ഷ്മി"
english_title: "Akhil Marar's wife Rajalakshmi supports him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351527/akhil-marars-wife-rajalakshmi-supports-him"
published_at: "2026-04-04T14:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0d456c3fce_Akhil_Marars_wife_Rajalakshmi_supports_him.jpg"
keywords: []
---

# 'അദ്ദേഹം വെറുമൊരു ഗ്രീൻ ഫ്ലാഗ് മാത്രമല്ല, ആരും സിമ്പതി കാണിക്കേണ്ട'; അഖിൽ മാരാർക്ക് പിന്തുണയുമായി ഭാര്യ രാജലക്ഷ്മി

> **Lead Summary:** തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഖിൽ മാരാർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വ്യക്തിപരമായ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി ഭാര്യ രാജലക്ഷ്മി രംഗത്ത്. പൊതുവേദികളിലും മറ്റും പങ്കാളിയെ തമാശരൂപേണ താഴ്ത്തിക്കെട്ടുന്നു എന്നാരോപിച്ച് അഖിലിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെയാണ് തങ്ങളുടെ കുടുംബജീവിതത്തിലെ യഥാർത്ഥ നിമിഷങ്ങൾ പങ്കുവെച്ച് രാജലക്ഷ്മി സംസാരിച്ചത്.

## Article Content

തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഖിൽ മാരാർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വ്യക്തിപരമായ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി ഭാര്യ രാജലക്ഷ്മി രംഗത്ത്. പൊതുവേദികളിലും മറ്റും പങ്കാളിയെ തമാശരൂപേണ താഴ്ത്തിക്കെട്ടുന്നു എന്നാരോപിച്ച് അഖിലിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെയാണ് തങ്ങളുടെ കുടുംബജീവിതത്തിലെ യഥാർത്ഥ നിമിഷങ്ങൾ പങ്കുവെച്ച് രാജലക്ഷ്മി സംസാരിച്ചത്.

വീട്ടിൽ വെച്ച് താൻ അഖിലിനോട് ദേഷ്യപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാജലക്ഷ്മി കുറിപ്പ് എഴുതിയത്. അഖിൽ വെറുമൊരു 'ഗ്രീൻ ഫ്ലാഗ്' മാത്രമല്ലെന്നും, തങ്ങൾക്കിടയിലെ തർക്കങ്ങൾ വളരെ സ്വാഭാവികമാണെന്നും അവർ വ്യക്തമാക്കി. അറ്റവും മൂലയും മുറിച്ച വീഡിയോകൾ പ്രചരിപ്പിച്ച് അഖിലിനെ മോശക്കാരനാക്കരുതെന്നും, തനിക്ക് ആരുടെയും സിമ്പതി ആവശ്യമില്ലെന്നും രാജലക്ഷ്മി പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും തന്റെ മാനസികാവസ്ഥ മനസ്സിലാക്കാനും അഖിലിന് പ്രത്യേക കഴിവുണ്ടെന്നും, ഒരു മികച്ച രാഷ്ട്രീയക്കാരനാകാൻ ആവശ്യമായ എല്ലാ പക്വതയും അദ്ദേഹത്തിനുണ്ടെന്നും രാജലക്ഷ്മി തന്റെ പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.

''എന്റെ ഭർത്താവിനൊപ്പം വളരെ സന്തുഷ്ടകരമായ ജീവിതമാണ് ഞാൻ നയിച്ചുകൊണ്ടിരിക്കുന്നത്. അത് എല്ലാം പെർഫെക്ട് ആയതുകൊണ്ടല്ല, ഇതാണ് റിയൽ ലൈഫ്, അതുകൊണ്ടാണ്. ഞാൻ വഴക്കുണ്ടാക്കും, അദ്ദേഹം അത് പരിഹരിക്കും. ആ പ്രശ്നം മാത്രമല്ല പരിഹരിക്കുന്നത്, എന്റെ ആ സമയത്തെ മൂഡും എന്റെ പ്രശ്നങ്ങളും ഓവർതിങ്കിങ്ങുമൊക്കെ പരിഗണിച്ചാണ് അദ്ദേഹം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. എന്തൊക്കെ തർക്കങ്ങൾ ഉണ്ടായാലും എന്തൊക്കെ തെറ്റിദ്ധാരണകൾ ഉണ്ടായാലും ഞങ്ങൾ എന്നും പരസ്പരം മറ്റേയാൾക്കു വേണ്ടി നിലകൊള്ളും. അദ്ദേഹം ഒരു ഗ്രീൻ ഫ്ളാഗ് മാത്രമല്ല, മറ്റെവിടെയും കാണാത്ത തരത്തിലുള്ള ഗ്രീൻഷേഡ് ആണത്. പെർഫെക്ട് അല്ല, പക്ഷേ എന്റേതു മാത്രമാണ്. സിംപതി നിർത്തൂ, എനിക്കത് ആവശ്യമില്ല.

ഒരു രാഷ്ട്രീയക്കാരനാകാൻ വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്- അത് ആളുകൾ പുറമേ നിന്നു കാണുന്ന ആ പ്രസരിപ്പ് മാത്രമല്ല, അധികമാരും തിരിച്ചറിയാത്ത ഒരു കരുത്തുണ്ട് അദ്ദേഹത്തിന്. ആത്മനിയന്ത്രണം നഷ്ടപ്പെടാതെ എങ്ങനെ പ്രശ്നങ്ങളെ നേരിടമെന്ന് അദ്ദേഹത്തിനറിയാം. നന്നായി കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും അറിയാം. അദ്ദേഹം പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടില്ല. അതിനെ നേരിടും, പരിഹരിക്കും, എപ്പോഴും എളിമയോടെ നിലകൊള്ളും'', എന്ന് രാജലക്ഷ്മി കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351527/akhil-marars-wife-rajalakshmi-supports-him)