---
title: "'കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോകുന്നത് സ്ത്രീത്വത്തിന് അപമാനമല്ലേ?': ജാസി ജാസിൽ"
english_title: "'Isn't it an insult to womanhood to leave a child and go with someone else?': Jazzy Jazz"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351506/isnt-it-an-insult-to-womanhood-to-leave-a-child-and-go-with-someone-else-jazzy-jazz"
published_at: "2026-04-04T13:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0c97e16718_azzy_Jazz.jpg"
keywords: []
---

# 'കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോകുന്നത് സ്ത്രീത്വത്തിന് അപമാനമല്ലേ?': ജാസി ജാസിൽ

> **Lead Summary:** സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതയായ ജാസി ജാസിൽ, തന്റെ ഗർഭവാർത്തയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. താൻ ഗർഭിണിയാണെന്നും അമ്മയാകാൻ പോകുന്നുവെന്നുമുള്ള ജാസിയുടെ മുൻപത്തെ വെളിപ്പെടുത്തൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.

## Article Content

സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതയായ ജാസി ജാസിൽ, തന്റെ ഗർഭവാർത്തയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. താൻ ഗർഭിണിയാണെന്നും അമ്മയാകാൻ പോകുന്നുവെന്നുമുള്ള ജാസിയുടെ മുൻപത്തെ വെളിപ്പെടുത്തൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.

എന്നാൽ, താൻ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അത് നേരിട്ട് പറയാനുള്ള താൽപര്യക്കുറവ് കൊണ്ടാണ് അമ്മയാകാൻ പോകുന്നു എന്ന് പറഞ്ഞതെന്നും ജാസി ഇപ്പോൾ വ്യക്തമാക്കുന്നു. വിമർശനങ്ങളെ വകവെക്കാതെ തന്റെ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ജാസിയുടെ തീരുമാനം. ഇതിനോടകം തന്നെ താരത്തിന്റെ ഈ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഒരു കുട്ടിയെ ദത്തെടുക്കാനുള്ള കാര്യങ്ങളിലേക്ക് ഞാന്‍ എത്തിയിരുന്നു. കുട്ടിയെ തരാന്‍ അവരും ഓക്കെയാണ്. പല ഇന്‍റര്‍വ്യൂവിലും ഞാന്‍ പറഞ്ഞിട്ടുണ്ട് എനിക്കൊരു അമ്മയാവണം എന്ന്. കുട്ടികളെ ഇഷ്ടമാണെന്നും. ഇതൊക്കെ കണ്ടാണ് അവര്‍ എന്നെ ബന്ധപ്പെടുന്നത്. അത് മുഴുവനായി പറയുന്നില്ല. കാരണം നിയമപരമായി അത് ശരിയല്ല. കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറാണെന്നും നിയമപരമായി മുന്നോട്ട് പോകാമെന്നും ഞാന്‍ അവരോട് പറഞ്ഞു. കുട്ടിയെ തന്ന് കഴിഞ്ഞ് പിന്നീട് ചോദിച്ച് വരാനും പാടില്ലല്ലോ. വളരെ ആരോഗ്യകരമായി മുന്നോട്ട് പോയ സംസാരങ്ങളായിരുന്നു. പക്ഷേ എനിക്ക് ചില സംശയങ്ങള്‍ വന്നു. കമ്യൂണിറ്റിയിലുള്ള ചിലരോട് കാര്യം തിരക്കി. അവരാണ് സിംഗിള്‍ പേരന്‍റിന് കുട്ടിയെ ദത്തെടുക്കാനുള്ള ഓപ്ഷനില്ലെന്ന് പറയുന്നത്. അതിന് മുന്‍പ് ഞാന്‍ വിചാരിച്ചത് കുട്ടീനെ കിട്ടും എന്നാണ്. ഞാനൊരു കുട്ടിയെ വളര്‍ത്താന്‍ വേണ്ടി പോകുകയാണെന്ന് തോന്നിയപ്പോള്‍ അത് ദത്തെടുക്കുന്നതാണെന്ന് പറയാന്‍ താല്പര്യമില്ല. അമ്മയാകാന്‍ പോകുന്നെന്ന് പറയാനാണ് താല്പര്യം. അതാണ് അമ്മയാകാന്‍ പോകുന്നെന്ന് ഞാന്‍ പറഞ്ഞത്.

ട്രാന്‍സ് ആള്‍ക്കാര്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള നിയമം ഇപ്പോഴില്ല. ഞാനും ആഷിയും ആണ്‍കുട്ടികളായി വന്നവരാണ്. അതുകൊണ്ടാണ് മുന്നോട്ട് ഒന്നും നടക്കാത്തത്. അതില്‍ എനിക്ക് ഭയങ്കര സങ്കടമുണ്ട്. പക്ഷേ എന്നെങ്കിലും നിയമങ്ങള്‍ മാറുമല്ലോ.

ഞാന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പലരും പറഞ്ഞു. ഇവിടെ സ്വന്തം കുഞ്ഞിനെ കരിങ്കല്ലിന് പുറത്തെറിഞ്ഞ് കൊല്ലുന്നു, തെരുവിലേക്ക് വലിച്ചെറിയുന്നു, സെപ്റ്റിക് ടാങ്കിലേക്ക് എറിയുന്നു, വിഷം കൊടുത്ത് കൊല്ലുന്നു, കുഞ്ഞുങ്ങളെ വച്ചിട്ട് മറ്റൊരള്‍ക്കൊപ്പം അമ്മ ഇറങ്ങി പോകുന്നു, ഇതൊന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതല്ലേ. ജാസി ഗര്‍ഭിണി ആണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതായി. എന്‍റെ ഒരു വലിയ സ്വപ്നമാണ്. അത് ഞാന്‍ റീല്‍സിലൂടെ കാണിക്കുമ്പോള്‍ സ്ത്രീത്വത്തെ അപമാനിച്ചു. മൈല്‍ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു ജാസിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/351506/isnt-it-an-insult-to-womanhood-to-leave-a-child-and-go-with-someone-else-jazzy-jazz)