കൊല്ലം: ( www.truevisionnews.com ) ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തത്തിനിടെയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ച് മുഖത്തല കിഴവൂർ സ്വദേശി തേജസിനെ (19) ആണ് ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂർ സ്വദേശികളായ ആദിത്യൻ, വിനു, പ്രിജിത്, അഖിൽരാജ് എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടുകാഴ്ചയിലെ ഫ്ലോട്ടിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ചാണ് തേജസിനെ പ്രതികൾ കുത്തിക്കൊന്നത്. അറിയാതെയാണ് തേജസ് ചവിട്ടിയത്. ഇതിൽ പ്രകോപിതരായ പ്രതികൾ തേജസിനെ വളഞ്ഞിട്ട് ആക്രമിച്ചു. കൈവശം വെച്ചിരുന്ന കത്തിയെടുത്ത് തേജസിന്റെ ഇടുപ്പിലും വയറ്റിലും കുത്തി.
കുത്തുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചുവെച്ച് കൊടുത്തിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൂടി ഉണ്ടായിരുന്നതിനാൽ തേജസിനെ കുത്തുന്നതും അവൻ നിലവിളിക്കുന്നതും ആരും അറിഞ്ഞില്ല.
തേജസിനെ കുത്തിയ ശേഷം ഉടൻതന്നെ പ്രതികൾ സ്ഥലത്തുനിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡിൽ വീണതാകാം എന്ന് കരുതി ചിലർ തേജസിനെ റോഡിന് അരികിലേക്ക് നീക്കിക്കിടത്തി. ഇതിനിടെ സുഹൃത്തുക്കൾ തേജസിനെ കണ്ടെത്തുകയും തന്നെ കുത്തിയതായി തേജസ് അവരോട് പറയുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സുഹൃത്തുക്കൾ പല വാഹനങ്ങൾക്കും കൈ കാണിച്ചങ്കിലും നിർത്തിയില്ല. ഒടുവിൽ ഐസ് കൊണ്ടുപോകുന്ന പിക്അപ് ഓട്ടോറിക്ഷയിലാണ് തേജസിനെ പാലത്തറ സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചത്. പിന്നാലെ രാത്രിയോടെ തേജസ് മരിച്ചു.
അഖിൽരാജിന്റെ വീട്ടിൽനിന്നാണ് എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയത്. സംഭവത്തിൽ അഖിൽ രാജ് നേരിട്ട് ഇടപെട്ടിട്ടില്ല. എന്നാൽ പ്രതികൾക്ക് അഭയം നൽകിയതിന് അഖിൽരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ കോടതിയിലും ഹാജരാക്കി.
A 19-year-old man was stabbed to death in Kollam after being stepped on while dancing, six people arrested
































.jpeg)
