---
title: "'നിനക്ക് സീറ്റ് ഉണ്ട്, ടെന്‍ഷന്‍ വേണ്ട'; റോബിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഖിൽ മാരാർ"
english_title: "'You have a seat, no need for tension'; Akhil Marar on Robin's political entry"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350430/you-have-a-seat-no-need-for-tension-akhil-marar-on-robins-political-entry"
published_at: "2026-03-29T14:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8eb226b0dd_Akhil_Marar_on_Robins_political_entry.jpg"
keywords: []
---

# 'നിനക്ക് സീറ്റ് ഉണ്ട്, ടെന്‍ഷന്‍ വേണ്ട'; റോബിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഖിൽ മാരാർ

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് മുൻ ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനും എത്തുന്നു. കുണ്ടറ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായാണ് റോബിൻ മത്സരിക്കുന്നത്. അതേസമയം, ട്വന്റി 20 സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്നാണ് അഖിൽ മാരാർ ജനവിധി തേടുന്നത്.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് മുൻ ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനും എത്തുന്നു. കുണ്ടറ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായാണ് റോബിൻ മത്സരിക്കുന്നത്. അതേസമയം, ട്വന്റി 20 സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്നാണ് അഖിൽ മാരാർ ജനവിധി തേടുന്നത്.

ഇരുവരും രാഷ്ട്രീയത്തിന്റെ വ്യത്യസ്ത ചേരികളിലാണെങ്കിലും തങ്ങൾക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് അഖിൽ മാരാർ സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ റോബിനുമായി ഇക്കാര്യങ്ങൾ സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഖിൽ വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും റോബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് അഖിൽ മാരാർ മറുപടി നൽകിയത്.

റോബിന്‍ രാധാകൃഷ്ണന്‍റെ തിരഞ്ഞെടുപ്പ് പ്രചരണം ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് അഖിലിന്‍റെ മറുപടി ഇങ്ങനെ- പ്രവര്‍ത്തനത്തിലേക്ക് ഞാന്‍ പോയില്ല. റോബിന്‍ തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് വരുന്നതിന് മുന്‍പ് തന്നെ ഞാന്‍ റോബിനെ വിളിച്ച് ഇതിന്‍റെ ശരി, തെറ്റ് ഒക്കെ പറഞ്ഞിട്ടുണ്ട്. കാരണം റോബിന്‍ മുന്‍പ് അങ്ങനെ രാഷ്ട്രീയാഭിപ്രായമൊന്നും പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ റോബിന്‍ എന്ത് അടിസ്ഥാനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതെന്ന് ഞാന്‍ റോബിനോട് സംസാരിക്കുകയും അവനോട് ഞാന്‍ കാര്യങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. ആ സമയത്ത് ഞങ്ങള്‍ സ്ഥിരമായി വിളിക്കുമായിരുന്നു. റോബിന് സീറ്റ് കൊടുക്കുന്ന കാര്യത്തെക്കുറിച്ചൊക്കെ ആ സമയത്ത് ഞാന്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവസാന സമയത്ത് റോബിന് സീറ്റ് കിട്ടില്ല എന്നൊരു വിഷമം വന്ന സമയത്ത് ഞാന്‍ അങ്ങോട്ട് വിളിച്ചു പറഞ്ഞു, ഞാന്‍ അറിഞ്ഞിട്ടുണ്ട്, നിനക്ക് സീറ്റ് ഉണ്ട്, ടെന്‍ഷന്‍ അടിക്കണ്ട, തയ്യാറായി ഇരുന്നോളാന്‍ തന്നെ ഞാന്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്.

> അതേസമയം തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ 90 ദിവസത്തിനകം കുണ്ടറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരുമെന്ന് റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. “കുണ്ടറയില്‍ ഈ ഇലക്ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ വിജയിക്കുകയാണെന്നുണ്ടെങ്കില്‍ 90 ദിവസത്തിനകത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുണ്ടറയില്‍ കൊണ്ടുവരുന്നതായിരിക്കും. പലര്‍ക്കും സംശയമുണ്ടാവും കുണ്ടറയില്‍ വരുമോ എന്നുള്ളത്. ഉറപ്പായിട്ടും കൊണ്ടുവരും. നമ്മുടെ നാട്ടിലെ ജനങ്ങളുമായിട്ട് നേരിട്ട് ആശയവിനിമയം നടത്തും. പ്രശ്നങ്ങള്‍ കേള്‍ക്കും. പരിഹരിക്കാനുള്ള പരമാവധി കാര്യങ്ങള്‍ ചെയ്യും. ഇത് നോമിനേഷന്‍ കൊടുത്ത ഈയൊരു സാഹചര്യത്തില്‍ ഞാന്‍ കൊടുക്കുന്ന വാക്കാണ്. ഇതിനെ ട്രോള്‍ ചെയ്യാന്‍ ഒരുപാട് പേര്‍ ഉണ്ടാവും”, റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/350430/you-have-a-seat-no-need-for-tension-akhil-marar-on-robins-political-entry)