---
title: "നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു"
english_title: "Actor Rahul Banerjee drowns in sea"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350521/actor-rahul-banerjee-drowns-in-sea"
published_at: "2026-03-30T08:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9e7c039e51_actor.jpg"
keywords: []
---

# നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

> **Lead Summary:** **പ്ര**ശസ്‌ത ബംഗാളി ചലച്ചിത്രതാരം രാഹുൽ അരുണോദയ്‌ ബാനർജി കടലിൽ മുങ്ങിമരിച്ചു. ഞായറാഴ്‌ച പശ്ചിമബംഗാൾ അതിർത്തിയോട്‌ ചേർന്നുള്ള ഒഡിഷയിലെ തൽസരി ബീച്ചിലാണ്‌ സംഭവം. പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഇവിടെയെത്തിയ താരം ചിത്രീകരണത്തിന്‌ ശേഷം ഒറ്റയ്‌ക്ക്‌ കടലിലേക്ക്‌ കുളിക്കാനിറങ്ങുകയായിരുന്നു. പെട്ടെന്ന്‌ തിരയിലകപ്പെട്ട്‌ അദ്ദേഹം മുങ്ങിത്താഴുകയായിരുന്നെന്ന്‌ ദൃസാക്ഷികൾ പറഞ്ഞു. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന്‌ രക്ഷിച്ച്‌ ഡിഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**പ്ര**ശസ്‌ത ബംഗാളി ചലച്ചിത്രതാരം രാഹുൽ അരുണോദയ്‌ ബാനർജി കടലിൽ മുങ്ങിമരിച്ചു. ഞായറാഴ്‌ച പശ്ചിമബംഗാൾ അതിർത്തിയോട്‌ ചേർന്നുള്ള ഒഡിഷയിലെ തൽസരി ബീച്ചിലാണ്‌ സംഭവം. പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഇവിടെയെത്തിയ താരം ചിത്രീകരണത്തിന്‌ ശേഷം ഒറ്റയ്‌ക്ക്‌ കടലിലേക്ക്‌ കുളിക്കാനിറങ്ങുകയായിരുന്നു. പെട്ടെന്ന്‌ തിരയിലകപ്പെട്ട്‌ അദ്ദേഹം മുങ്ങിത്താഴുകയായിരുന്നെന്ന്‌ ദൃസാക്ഷികൾ പറഞ്ഞു. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന്‌ രക്ഷിച്ച്‌ ഡിഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബംഗാളി ചലച്ചിത്രമേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകിയ രാഹുൽ 1983ൽ കൊൽക്കത്തയിലാണ്‌ ജനിച്ചത്‌. വിഖ്യാത ബംഗാളി നാടകപ്രവർത്തകനായ ബിശ്വനാഥ്‌ ബാജർജിയുടെ മകനായ രാഹുൽ അദ്ദേഹത്തിന്റെ നാടകസംഘത്തിലൂടെയാണ്‌ അഭിനയരംഗത്തേക്ക്‌ എത്തുന്നത്‌. പിന്നീട്‌ ടെലിവിഷൻ സീരിയലുകളിലടക്കം ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു.

നായകനായി അഭിനയിച്ച്‌ 2008ൽ പുറത്തിറങ്ങിയ ‘ചിരോദിനി തുമി ജെ അമർ’ എന്ന ചിത്രം വൻ വിജയമായതോടെ താരപദവിയിലേക്കുയർന്നു. ‘തുമി ആസ്ബെ ബോലെ’, ‘സുൽഫിക്കർ’, ‘ബ്യോംകേഷ് ഗോട്രോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമികവ്‌ ബംഗാളി ചലച്ചിത്രമേഖലയിലെ ശ്രദ്ധേയസാന്നിധ്യമാക്കി മാറ്റി. ആനന്ദ്‌ലോക്‌ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. പ്രമുഖ ബംഗാളി ചലച്ചിത്ര നടിയായ പ്രിയങ്ക സർക്കാരാണ്‌ ജീവിതപങ്കാളി.

### Related Links & Sources
- [Original Story Source](https://moviemax.in/news/350521/actor-rahul-banerjee-drowns-in-sea)