തലശ്ശേരി: (truevisionnews.com) പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 36 വർഷം കഠിനതടവും 2,05,000 രൂപ പിഴയും വിധിച്ചു. കതിരൂർ പൊന്ന്യം സറാമ്പി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിലെ അധ്യാപകനായിരുന്ന സി. മുനീറിനെയാണ് (46) തലശ്ശേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായാണ് കോട്ടയം മൗവ്വേരി സ്വദേശിയായ മുനീറിന് ശിക്ഷ വിധിച്ചത്. പത്തുവയസുകാരനെ പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് നടപടി. കേസിൽ തലശ്ശേരി അതിവേഗ കോടതി ജഡ്ജി എം.ടി. ജലജാ റാണിയാണ് വിധി പുറപ്പെടുവിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.
പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം അധിക കഠിന തടവ് അനുഭവിക്കണം. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി മദ്റസയിൽ പഠിക്കുന്ന കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കൂത്തുപറമ്പ് സൗത്ത് എൽ.പി സ്കൂളിലെ അറബി അധ്യാപകനുമാണ് പ്രതി. പലപ്പോഴായി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമവും കഠിനമായ ലൈംഗിക കൈയേറ്റവും നടത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കതിരൂർ പൊലീസ് സ്റ്റേഷനിൽ ക്രൈം 199/17 നമ്പറായി രജിസ്റ്റർ ചെയ്ത കേസ്.
Madrasa teacher sentenced to 36 years in prison
































