---
title: "ഇത്തവണയെന്നല്ല, ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല!; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി അനുശ്രീ"
english_title: "Not this time, but never again!; Actress Anusree responds to rumors"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350223/not-this-time-but-never-again-actress-anusree-responds-to-rumors"
published_at: "2026-03-28T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c77aac5bb61_Actress_Anusree_responds_to_rumors.jpg"
keywords: []
---

# ഇത്തവണയെന്നല്ല, ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല!; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി അനുശ്രീ

> **Lead Summary:** ലാൽ ജോസ് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്‌ലെയ്‌സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. 'ചന്ദ്രേട്ടൻ എവിടെയാ', 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

## Article Content

ലാൽ ജോസ് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്‌ലെയ്‌സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. 'ചന്ദ്രേട്ടൻ എവിടെയാ', 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

സിനിമാതാരമെന്ന ജാഡകളില്ലാതെ, തന്റെ നാട്ടിലെ കലാപരിപാടികളിലും ഉത്സവങ്ങളിലും ഒരു സാധാരണക്കാരിയെപ്പോലെ പങ്കെടുക്കുന്ന അനുശ്രീയുടെ ശൈലിയാണ് മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം. താരത്തിന്റെ വസ്ത്രധാരണത്തെയും ലാളിത്യത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്താറുള്ളത്.

> ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് പോകുമോന്ന ചോദ്യത്തിന് അനുശ്രീ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. "ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തില്‍ പോകാന്‍ പോകുന്നില്ല, വല്ലതും അറിയണ്ടേ. എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ നമ്മള്‍ പോകാന്‍. അറിയുന്ന പണി ചെയ്യുക എന്നുള്ളതാണ്. വലിയ കുഴപ്പമില്ലാണ്ട് സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. അത് ചെയ്ത് പോകുക എന്നുള്ളതാണ്.

> അല്ലാതെ രാഷ്ട്രീയം ഒന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പോസ്റ്ററുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും നമ്മള്‍ മനസാവാചാ കര്‍മണ അറിയാത്ത കാര്യങ്ങളാണ്. നേരത്തെ പറഞ്ഞത് പോലെ എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല. ഞാനീ അമ്പലം പരിപാടികള്‍ക്ക് പോകുന്നത് കൊണ്ട് എന്നെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ്", എന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.

അതേസമയം, 'പ്രേംപാറ്റ' എന്ന ചിത്രമാണ് അനുശ്രീയുടേതായി വരാനിരിക്കുന്നത്. ഷൂട്ടിങ്ങിന് കോഴിക്കോട് തുടക്കമായിട്ടുണ്ട്. ആയിഷ, ഇ.ഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരനായ ലിജീഷ് കുമാറാണ്.

സൈജു കുറുപ്പും അനുശ്രീയും ജോമോൻ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, രാജേഷ് മാധവൻ, ജുനൈസ്, സാഫ് ബോയ്, സഞ്ജു ശിവറാം, ഇർഷാദ് അലി, തസ്‌നി ഖാൻ, ജിബിൻ ഗോപിനാഥ്, ബിബിൻ പെരുമ്പിള്ളി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ വിജയൻ, സനീഷ് ഗിന്നസ്, റ്റിസ് തോമസ്, ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് സോണറ്റ്, ഉണ്ണി രാജ, ഷംല ഹംസ, പുതുമുഖങ്ങളായ സൽമാനുൽ ഫർസി, ജോബിഷ്, ജയ ശങ്കർ, ഒമർ നവാസി എന്നിവരും കഥാപാത്രങ്ങളാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350223/not-this-time-but-never-again-actress-anusree-responds-to-rumors)