കണ്ണൂർ: (truevisionnews.com) കോൺഗ്രസ് ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലാതെ ഉറച്ചുനിൽക്കുകയാണ് കെ. സുധാകരൻ.
എംപിമാർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന പാർട്ടിയുടെ പൊതുതീരുമാനത്തെ മറികടന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ നീക്കം. ഡൽഹിയിലെത്തിയ സുധാകരൻ ഇക്കാര്യത്തിലുള്ള തന്റെ താൽപ്പര്യം ഇന്ന് രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് അറിയിക്കും.
ഡൽഹി യാത്രയ്ക്ക് മുൻപ് തന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. അതേസമയം, സുധാകരന്റെ ഈ നീക്കത്തിന് പിന്നാലെ കണ്ണൂരിൽ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.
പിണറായി സർക്കാരിനെ താഴെയിറക്കാൻ സുധാകരൻ എത്തുന്നുവെന്ന രീതിയിൽ കണ്ണൂർ ഡിസിസിക്ക് മുന്നിൽ അനുകൂലമായ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ, ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം സുധാകരന്റെ വാശിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ഇക്കാര്യം ഉന്നയിച്ച് ജില്ലാ നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചിട്ടുണ്ട്.
സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ശരിവെച്ചുകൊണ്ട് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് ഹൈക്കമാൻഡ് അംഗീകരിച്ചിട്ടുണ്ടെങ്കിലും, സുധാകരന്റെ സമ്മർദ്ദം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുകയാണ്.
ഇന്ന് രാവിലെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവരാനിരിക്കെ, സുധാകരന്റെ കാര്യത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Sudhakaran meets Rahul Gandhi as candidate list is about to be released
































