കൊച്ചി: (https://truevisionnews.com/) ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരായ വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിനെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപ്പീലിലാണ് നടപടി.
എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു. തന്ത്രി 41ാം ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതോടെ എസ്ഐടി അന്വേഷണത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. എസ്ഐടിയുടെ വാദങ്ങൾ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല.
അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞിരുന്നത്.
എന്നാൽ, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രിയും ഒന്നാം പ്രതി പോറ്റിയും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകളുണ്ട്. 2002 ബംഗലുരുവിൽ ഇരുവരും പല ഘട്ടത്തിൽ ഒരുമിച്ച് കണ്ടിട്ടുണ്ട്. ശ്രീരാംപുര ക്ഷേത്രത്തിലെ പോറ്റിയുടെ ജോലി പോയപ്പോൾ ബംഗലുരുവിലെ മഹാലക്ഷ്മി ക്ഷേത്രത്തൽ ശാന്തിക്കാരനാക്കാൻ തന്ത്രി ശ്രമിച്ചിരുന്നു.
2017ൽ പ്രതി ഗോവർദ്ധന്‍റെ വീട്ടിലെ പൂജയക്ക് തന്ത്രിയെ എത്തിച്ചത് പോറ്റിയായിരുന്നു ഇതിന് ഫോട്ടോ അടക്കമുള്ള തെളിവുകളുണ്ട്. ശബരിമലയിൽ പോറ്റിയെ പ്രവേശിപ്പിച്ചത് തന്ത്രി കുടുംബമാണെന്നും എസ്ഐടി അപ്പീലിൽ പറയുന്നു. സ്വർണ്ണപ്പാളി കടത്താൻ പോറ്റിയും തന്ത്രിയും മറ്റ് പ്രതികളും ചേർന്ന ഗൂഢാലോചന നടത്തിയതിനും തെളിവുണ്ടെന്നും ഹർജിയിൽ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
Sabarimala gold robbery: High Court notice to Kantar Rajeev in SIT's appeal

































