കൊല്ലം: (truevisionnews.com) ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർന്ന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി എട്ടരയോടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലുണ്ടായ അപകടത്തിൽ നൂറുമീറ്ററോളം ഭാഗത്തെ കനാൽ ബണ്ട് തകരുകയായിരുന്നു.
കനാലിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് സമീപത്തെ വയലുകളിലേക്ക് ഒഴുകിയതോടെ ഏക്കറുകണക്കിന് കൃഷി നശിച്ചു. ആയിരക്കണക്കിന് വാഴകളാണ് കൃഷിസ്ഥലത്ത് പൂർണ്ണമായും വെള്ളത്തിനടിയിലായത്.
കനാൽ തകർന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരുടെ വാഹനങ്ങളും വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ടു. രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയുമാണ് കുത്തൊഴുക്കിൽ ഒഴുകിപ്പോയത്. അപകടസ്ഥലത്തിന് തൊട്ടടുത്ത് വീടുകൾ കുറവായതിനാലാണ് വലിയൊരു മനുഷ്യജീവൻ നഷ്ടപ്പെടുന്ന ദുരന്തം ഒഴിവായത്.
ഓയൂർ, കൊട്ടിയം, ചെന്നാപ്പാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കനാലാണ് തകർന്നത്. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനാൽ ഭാഗങ്ങൾ ഇടിഞ്ഞുകൊണ്ടിരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും കൊട്ടാരക്കര സദാനന്ദപുരത്തെ കനാൽ ഷട്ടറുകൾ അടച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രണവിധേയമായി.
ബണ്ടിന്റെ ബലക്ഷയമാണോ അപകടത്തിന് കാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
A canal collapsed at night, and a bike and an autorickshaw were swept away.

































