കൊല്ലം: (https://truevisionnews.com/) കൊല്ലം ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പോളിടെക്നിക് വിദ്യാർത്ഥി ഹരികൃഷ്ണന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സഹപാഠികൾ.
മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രതിഷേധ റാലി നടത്തി. പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ.
ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റാണ് കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണൻ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരൻ ഇടപെട്ട് പിന്നീട് പ്രശ്നം പരിഹരിച്ചിരുന്നു.
എന്നാൽ പ്രതികൾ ഹരികൃഷ്ണനെയും സഹോദരനെയും ഓഡിറ്റോറിയത്തിന് സമീപം വിളിച്ചുവരുത്തി വീണ്ടും മർദ്ദിച്ചു. ഹരികൃഷ്ണന്റെ തലയ്ക്ക് തടിക്കഷ്ണം കൊണ്ട് അടിക്കുകയാണ് പ്രതികൾ ചെയ്തത്. ഇതോടെ ഹരികൃഷ്ണൻ ബോധരഹിതനായി വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഹരികൃഷ്ണനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ ഒളിവിലാണ്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
18-year-old dies in temple festival clash: 'All the accused should be arrested'; Students protest

































