തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷകളെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളിൽ അനാവശ്യ ഉത്കണ്ഠ നിറയ്ക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും, ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ചോദ്യപേപ്പർ തയ്യാറാക്കിയത് മാതൃകാപരമായ രീതിയിലും അതീവ രഹസ്യ സ്വഭാവത്തോടെയുമാണ്. വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ഇനിയും നടപടി ശക്തമാക്കുമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പിനെതിരെ പ്രചാരണങ്ങൾ നടത്തുന്നവർ കരുതുന്നത് ചോദ്യപേപ്പർ തയ്യാറാക്കുന്നത് അവരാണെന്നാണ്. ഭയപ്പെടുത്തുന്നവർ തന്നെ പറയുന്നു പരിഹാരത്തിന് അവരെ സമീപിക്കാൻ. പലരും പണം ചോദിക്കുന്നു. ഇത്തരക്കാരെ നിയമപരമായി സർക്കാർ നേരിടും. മോഡൽ പരീക്ഷ എല്ലാ വിദ്യാർത്ഥികൾക്കും എഴുതാൻ പറ്റുന്ന രീതിയിൽ ആയിരുന്നു. രക്ഷകർത്താക്കളാണ് അനാവശ്യമായ ആശങ്ക ഉണ്ടാകുന്നത്. കുട്ടികൾ ആത്മവിശ്വാസത്തോട് കൂടി പരീക്ഷ എഴുതണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അച്ഛനമ്മമാർക്കൊപ്പം വിദേശത്ത് പോയ കുട്ടികൾക്ക് തിരികെ എത്താൻ പറ്റിയില്ലെങ്കിൽ അവർക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഗൾഫ് മേഖലയിലെ പ്രതിസന്ധി മാറിയാൽ ഉടൻ പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. സുരക്ഷാക്രമീകരണങ്ങൾ അടക്കം എല്ലാം സജ്ജമാണ്. അധ്യാപകരും പരീക്ഷ നടത്തിപ്പിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കികഴിഞ്ഞു. യുദ്ധ സാഹചര്യമാണ് ഗൾഫ് മേഖലയിലെ പരീക്ഷ നടത്തിപ്പിൽ ഏക പ്രതിസന്ധി. കുട്ടികൾ ആശങ്കയില്ലാതെ പരീക്ഷ എഴുതണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
Minister V. Sivankutty instills confidence in students

































.jpeg)