മാന്നാർ(ആലപ്പുഴ): ( www.truevisionnews.com ) സ്കൂളിൽനിന്നു കാറിൽ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ രണ്ടു പെൺമക്കൾക്ക് വിഷംചേർത്ത ജ്യൂസ് നൽകിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം. ആശുപത്രിയിൽ ചികിത്സയിലിരിക്കേ മൂത്തമകളും മരിച്ചു. മാന്നാർ തെള്ളിക്കിഴക്കേതിൽ ശിവശൈലത്തിൽ മനോജ് (44), മൂത്തമകൾ ശിവനന്ദന (12 ) എന്നിവരാണ് മരിച്ചത്. ഇളയമകൾ ശിവഗംഗ (ഏഴ്) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദന. ശിവഗംഗ രണ്ടാംക്ലാസിലാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തി വിഷംകലർത്തിയ ജ്യൂസ് കുട്ടികൾക്കു നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മനോജ് വിഷംകഴിച്ചാണ് ജീവനൊടുക്കിയത്. ശിവഗംഗ അപകടനില തരണംചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചശേഷമാണ് ഇദ്ദേഹം കുട്ടികളെ വിളിക്കാൻ സ്കൂളിലേക്കു പോയത്. ജ്യൂസ് കുടിച്ചപ്പോൾ കയ്പു തോന്നുന്നുവെന്ന് ശിവനന്ദന പറഞ്ഞെന്നാണ് വിവരം. അതിനാൽ ശിവഗംഗ രുചിച്ചുനോക്കിയതേയുള്ളൂ. അച്ഛനും ചേച്ചിയും അവശനിലയിലായപ്പോൾ ശിവഗംഗ തന്നെയാണ് കാറിന്റെ ഗ്ലാസിൽ തട്ടി ആളുകളെ വിളിച്ചുവരുത്തിയതും. നാട്ടുകാർ മൂവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജ് മരിച്ചിരുന്നു.
കെട്ടിടനിർമാണാവശ്യത്തിനുള്ള എം. സാൻഡ്, മണൽ തുടങ്ങിയവയുടെ കച്ചവടക്കാരനായിരുന്നു മനോജ്. എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന പ്രകൃതക്കാരനായ മനോജ് എന്തിനിതു ചെയ്തുവെന്നറിയാതെ ഞെട്ടലിലാണ് നാട്ടുകാർ. സാമ്പത്തിക ബുദ്ധിമുട്ടുകളാകാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജ്യോതിയാണ് ഭാര്യ. ഇവർക്ക് ഒന്നരവയസ്സുള്ള ശിവകീർത്തന എന്നൊരു മകൾ കൂടിയുണ്ട്. വിവരമറിഞ്ഞ് മാന്നാർ പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. ഇരുവരുടെയും സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കുരട്ടിക്കാട് മുത്താരമ്മൻ ദേവസ്വം ട്രസ്റ്റ് ശ്മശാനത്തിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക: 1056, 0471 2552056).
Father commits suicide after poisoning his children Eldest daughter dies youngest daughter continues to be treated

































