തെഹ്‌റാൻ: ( https://truevisionnews.com/) ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തതായി ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങിയതായി അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങൾ പൗരൻമാർ പാലിക്കണമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. മിസൈലുകളെ പ്രതിരോധിക്കാനും തകർക്കാനുമുള്ള അടിയന്തര നീക്കങ്ങൾ സൈന്യം നടത്തുന്നുണ്ട്. പ്രതിരോധസംവിധാനങ്ങൾ കുറ്റമറ്റതല്ല. അതുകൊണ്ട് തന്നെ പൗരൻമാർ സൈന്യത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഐഡിഎഫ് മുന്നറിയിപ്പ് നൽകി.
വടക്കൻ ഇസ്രായേലിൽ വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ മുഴങ്ങിയത്. ഇന്ന് രാവിലെയാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്. ഇരുപക്ഷത്തുമുള്ള നാശനഷ്ടങ്ങളോ ആളപായമോ പുറത്തുവന്നിട്ടില്ല.
അതേസമയം ഇസ്രായേൽ ഇറാനുനേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അതീവ ഗുരുതര സാഹചര്യം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാനും ഇസ്രായേലും തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. ഇതോടെ ദേശീയ-അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി.
“ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അഭ്യർഥിക്കുന്നു. വ്യോമമേഖല വീണ്ടും തുറന്നാൽ വിമാന ഷെഡ്യൂളുകളെക്കുറിച്ച് മാധ്യമങ്ങളിലൂടെയും എയർലൈനുകൾ വഴിയും അറിയിക്കും’ -ഇസ്രായേൽ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ മുഴുവൻ വ്യോമാതിർത്തിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി മെഹർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് മാജിദ് അഖ്‍വാൻ പ്രഖ്യാപിച്ചു.
വിദേശത്തുള്ള ഇസ്രായേലികൾ ദേശീയ സുരക്ഷാ കൗൺസിലിന്റെ നിർദ്ദേശങ്ങളും ശുപാർശകളും പാലിക്കണമെന്ന് ഇസ്രായേൽ അറിയിപ്പിൽ പറഞ്ഞു. സുരക്ഷാ സാഹചര്യം അനുവദിക്കുന്ന മുറയ്ക്ക്, വ്യോമാതിർത്തി വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച അറിയിപ്പ് 24 മണിക്കൂർ മുമ്പ് നൽകുമെന്നും 24 മണിക്കൂർ മുമ്പ് അറിയിച്ചു.
Iran retaliates; Israel confirms

































